യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ശൈഖ് മുഹമ്മദ് ബിൻ
റാശിദ് ആൽ മക്തൂമിനൊപ്പം (ഫയൽചിത്രം)
ദുബൈ: മികച്ച ഭാവി സൃഷ്ടിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. അന്താരാഷ്ട്ര യുവജനദിന സന്ദേശത്തിലാണ് പ്രസിഡന്റിന്റെ ആഹ്വാനം. എല്ലാവർക്കും മികച്ച ഭാവി സൃഷ്ടിക്കുന്നതിൽ യുവാക്കളുടെ പങ്ക് നിർണായകമാണെന്നും, അവരുടെ അഭിലാഷങ്ങൾക്ക് സാഹചര്യമൊരുക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യുവജന ദിനത്തിൽ യുവാക്കളുടെ അഭിലാഷങ്ങളെയും നേട്ടങ്ങളെയും നാം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ തുടർച്ചയായ മുന്നേറ്റത്തിൽ അവരുടെ പങ്കിനെ അംഗീകരിക്കുന്നത് പ്രധാനമാണ്. നമ്മുടെയെല്ലാം വളർച്ചക്ക് സംഭാവന ചെയ്യുന്നതിലും സമൂഹത്തിന്റെ നേതൃത്വമെന്ന നിലയിലും സേവനം ചെയ്യുന്നതിന് യുവാക്കളെ ശാക്തീകരിക്കാൻ യു.എ.ഇ പരിശ്രമിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാടിന്റെ ഹൃദയം യുവാക്കളായിരുന്നുവെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യുവജന ദിന സന്ദേശത്തിൽ പറഞ്ഞു. ‘രാജ്യത്തിന്റെ ആൺമക്കളും പെൺമക്കളുമായ എല്ലാ യുവാക്കളോടും: നിങ്ങളാണ് വളർച്ചയുടെ ഇന്ധനവും ആത്മാവും ഊർജ സ്രോതസ്സും’ -അദ്ദേഹം വ്യക്തമാക്കി. യുവജനങ്ങളെ ശാക്തീകരിക്കുന്നതിന് നിരവധി പദ്ധതികളും സംരംഭങ്ങളും യു.എ.ഇ നടപ്പിലാക്കി വരുന്നുണ്ട്. കോഡിങ്, നിർമിത ബുദ്ധി അടക്കമുള്ള മേഖലകളിൽ ഭാവി ശക്തിയാകാനുള്ള സംരംഭങ്ങളും നടപ്പിലാക്കിവരുന്നുണ്ട്. യുവജനങ്ങൾക്ക് വേണ്ടി പ്രത്യേകമായ മന്ത്രിയും രാജ്യത്തുണ്ട്. എല്ലാ വർഷവും ആഗസ്റ്റ് 12നാണ് അന്താരാഷ്ട്ര യുവജന ദിനം ആചരിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.