ദുബൈ ഇന്‍റർനാഷനൽ അകാദമിക് സിറ്റിയിൽ ആരംഭിച്ച ഐ.ഐ.എം അഹമ്മദാബാദിന്‍റെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനെത്തുന്ന ശൈഖ് ഹംദാൻ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സമീപം
ദുബൈ: ഐ.ഐ.എം അഹമ്മദാബാദിന്‍റെ പുതിയ ക്യാമ്പസ് ദുബൈ ഇന്‍റർനാഷനൽ അകാദമിക് സിറ്റിയിൽ തുറന്നു. ഇന്ത്യക്ക് പുറത്ത് ആരംഭിക്കുന്ന ഐ.ഐ.എം.എയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസാണിത്. വ്യാഴാഴ്ച ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ക്യാമ്പസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവുമാണ് പുതിയ ക്യാമ്പസ് പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിന് കീഴിൽ ലോകമെമ്പാടുമുള്ള മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ കഴിയുന്ന ആഗോള കേന്ദ്രമായി ദുബൈ അധിവേഗം വളരുകയാണ്. യുവാക്കളുടെ ഊർജ്ജവും അഭിലാഷവുമാണ് ഭാവിയിലേക്ക് മുന്നേറുന്നതിനുള്ള പ്രേരകശക്തി. ദുബൈയിയെ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗര സമ്പദ്വ്യസ്ഥകൾ നിലനിൽക്കുന്ന നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ലോകോത്തര നിലവാരമുള്ള സർവകലാശാലകൾ സ്ഥാപിക്കും. 2033 ഓടെ ലോകത്തെ ഏറ്റവും മികച്ച 10 വിദ്യാർഥി നഗരങ്ങളിൽ ഒന്നായി ദുബൈ മാറുകയെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിൽ ഐ.ഐ.എം.എയുടെ ക്യാമ്പസ് ആരംഭിച്ചത് വഴി ഇന്ത്യൻ വിദ്യാഭ്യാസ മേഖല ആഗോളവത്കരണത്തിലേക്ക് ഒരു പടികൂടി കടന്നിരിക്കുകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇന്ത്യൻ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികല്ലാണ് ദുബൈ ക്യാമ്പസെന്ന് ഐ.ഐ.എം.എ ഗവേണിങ് ബോഡി ചെയർപേഴ്സൺ പങ്കജ് പട്ടേൽ പറഞ്ഞു. യു.എ.ഇ കാബിനറ്റ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ ഇകണോമി, ആൻഡ് റിമോർട്ട് വർക്ക് ആപ്ലിക്കേഷൻസ് വകുപ്പ് സഹ മന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ, കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ആയിശ മീരാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ആദ്യ ഘട്ടത്തിൽ ഒരു വർഷം ദൈർഘ്യമുള്ള മുഴുവൻ സമയ എം.ബി.എ കോഴ്സാണ് ക്യാമ്പസിൽ ആരംഭിക്കുക. 27 വിദ്യാർഥികളും എട്ട് വിദ്യാർഥിനികളും ഉൾപ്പെടെ 35 വിദ്യാർഥികൾക്കാണ് പ്രവേശനം. ആദ്യ വർഷം മികവിന്‍റെ രണ്ട് കേന്ദ്രങ്ങൾ കൂടി ക്യാമ്പസിൽ തുറക്കാനാണ് പദ്ധതി. ഒന്ന് കേസ് റൈറ്റിങ്ങിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും, മറ്റൊന്ന് സ്റ്റാർട്ടപ്പ് ഇൻകുബേഷനിലുമായിരിക്കും. വരും വർഷങ്ങളിൽ കൂടുതൽ അകാദമിക് പ്രോഗ്രാമുകൾ തുടങ്ങാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.