റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ കുതിപ്പുമായി ഷാർജ

ഷാർജ: ഷാർജയുടെ റിയൽ എസ്റ്റേറ്റ് മേഖല റെക്കോർഡ് മുന്നേറ്റത്തിലേക്ക്. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം എമിറേറ്റിൽ 310 കോടി ദിർഹത്തിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായി ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്‍റ്​ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 7,119 ഇടപാടുകളാണ് ഈ ഒരുമാസ കാലയളവിൽ രേഖപ്പെടുത്തിയത്. വിൽപന നടന്ന സ്വത്തുക്കളുടെ ആകെ വിസ്തൃതി ഏകദേശം 95 ലക്ഷം ചതുരശ്ര അടിയാണ്.

ആകർഷകമായ നിക്ഷേപ സൗകര്യങ്ങളും ശക്തമായ നിയമസംവിധാനങ്ങളും മുൻനിർത്തിയാണ്​ റിയൽ എസ്​റ്റേറ്റ്​ മേഖലയുടെ കുതിപ്പ്​. ഒപ്പം, തുടർച്ചയായ വികസന പദ്ധതികളും നഗരവൽക്കരണവും അന്താരാഷ്ട്ര നിക്ഷേപകരെയും പ്രമുഖ ഡെവലപ്പർമാരെയും ഷാർജയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആകെ നടന്ന 7,119 ഇടപാടുകളിൽ 2,902 എണ്ണം ഓണർഷിപ്പ് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ടവയാണ്. ടൈറ്റിൽ ഡീഡുകൾ 2,776 എണ്ണവും, പ്രാഥമിക വിൽപന കരാറുകൾ 513 എണ്ണവും രേഖപ്പെടുത്തി. ഇതിനുപുറമെ 93.47 കോടി ദിർഹം മൂല്യം വരുന്ന 718 മോർട്ട്ഗേജ് (പണയ) ഇടപാടുകളും നടന്നു. റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ വിഭാഗങ്ങളിലായി ഷാർജയിലെ 115 ഓളം പ്രദേശങ്ങളിലാണ് പ്രധാനമായും വിപണനം നടന്നത്. ഇതിൽ 913 ഭൂമി ഇടപാടുകളും, വലിയ കെട്ടിടത്തെയോ വസ്തുവിനെയോ ചെറിയ സ്വതന്ത്ര ഭാഗങ്ങളായിതിരിച്ച് വിൽക്കുന്ന 683 ‘സബ്‌ഡിവൈഡഡ് യൂനിറ്റ്’ ഇടപാടുകളും ഉൾപ്പെടുന്നു.

മേയിൽ എമിറേറ്റിൽ നടന്ന ഏറ്റവും ഉയർന്ന ഭൂമി ഇടപാട് അൽ സജ ഇൻഡസ്ട്രിയൽ മേഖലയിലാണ് -9.2 കോടി ദിർഹം. ഏറ്റവും ഉയർന്ന പണയ ഇടപാട് നടന്നത് അൽ മംസാർ പ്രദേശത്താണ് -എട്ടു കോടി ദിർഹം. എമിറേറ്റിൽ ആകെ നടന്ന 1,851 വിൽപന ഇടപാടുകളിൽ 1,315 എണ്ണവും ഷാർജ സിറ്റിയിലാണ്. ഇതിൽ 328 ഇടപാടുകളുമായി മുവൈല കൊമേഴ്‌സ്യൽ പ്രദേശത്താണ്​ കൂടുതൽ. 27.66 കോടി ദിർഹം വ്യാപാരവുമായി മൂല്യത്തിലും മുവൈല കൊമേഴ്‌സ്യൽ പ്രദേശം ഒന്നാമതെത്തി.

സെൻട്രൽ റീജ്യനിൽ 'അൽ ബെലൈദ' പ്രദേശത്ത്​ 133 ഇടപാടുകൾ നടന്നു. കിഴക്കൻ റീജിയനിൽ 29 ഇടപാടുകൾ നടന്ന ഖോർഫക്കാനിലെ അൽ മുദൈഫിയിൽ പ്രദേശത്താണ് കൂടുതൽ. വിപണിയിലെ സുസ്ഥിരമായ മുന്നേറ്റം വരും മാസങ്ങളിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ.

Tags:    
News Summary - Sharjah sees huge surge in real estate sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.