മകളെ പരിചരിക്കുന്നതിനായി ജോലിയിൽനിന്ന് വിരമിക്കാൻ സഹായം; മാതാവിന്‍റെ കേസിൽ നേരിട്ട് ഇടപെട്ട്​ ഷാർജ ഭരണാധികാരി

ഷാർജ: രോഗിയായ മകളെ പരിചരിക്കുന്നതിനായി ജോലിയിൽ നിന്ന് വിരമിക്കാൻ സഹായം അഭ്യർഥിച്ച മാതാവിന്‍റെ കേസിൽ ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ട് ഇടപെട്ടു. ഷാർജ ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്ട്‌മെന്‍റിനാണ് ഉമ്മയുടെ വിഷയം പൂർണമായും പരിശോധിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഭരണാധികാരി അടിയന്തര നിർദേശം നൽകിയത്.

ഷാർജ ബ്രോഡ്കാസ്റ്റിങ്​ അതോറിറ്റിയുടെ ‘ഡയറക്ട് ലൈൻ’ പരിപാടിയിലാണ് ഉമ്മു ഉമ്രാൻ എന്ന 55കാരി തന്‍റെ പ്രയാസങ്ങൾ പങ്കുവെച്ചത്. മുമ്പ്​ സർക്കാർ ഉടമസ്ഥതയിലുള്ളതും പിന്നീട് സ്വകാര്യവൽക്കരിക്കപ്പെട്ടതുമായ സ്ഥാപനത്തിൽ 15 വർഷമായി ജോലി ചെയ്തു വരികയാണിവർ. ചലനശേഷി നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള മകൾ ധാബിയയെ പരിചരിക്കുന്നതിനായി ജോലിയിൽനിന്ന് വിരമിക്കാൻ ആഗ്രഹിച്ചെങ്കിലും, ആവശ്യമായ സർവീസ് കാലാവധി പൂർത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനം അപേക്ഷ നിരസിക്കുകയായിരുന്നു.

റേഡിയോ പരിപാടിയിലൂടെ ഈ വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഷാർജ ഭരണാധികാരി ഇടപെടൽ നടത്തുകയായിരുന്നു. ഉമ്മു ഉമ്രാന്‍റെ കുടുംബ സാഹചര്യം വിശദമായി പരിശോധിച്ച് അവർക്കാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നൽകാനും, മകളുടെ പരിചരണവും സംരക്ഷണവും ഉറപ്പാക്കാനും അദ്ദേഹം നിർദേശിച്ചു.

ഷാർജ ഭരണാധികാരിയുടെ ഈ നിർദേശം ഷാർജ ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്​മെന്‍റ്​ ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അൽ സാബി ഉമ്മു ഉമ്രാനെ ഫോണിൽ വിളിച്ച് അറിയിച്ചു. ഷാർജ ഭരണാധികാരി ഈ കേസ് നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും, കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Sharjah Ruler Intervenes to Help Mother in a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.