റിയല്‍ എസ്റ്റേറ്റ് സൂചിക: എട്ട് സ്ഥാനം മെച്ചപ്പെടുത്തി അബൂദബി

അബൂദബി: ആഗോള റിയല്‍ എസ്റ്റേറ്റ് വിപണി സുതാര്യതാ സൂചികയില്‍ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് അബൂദബി 33-ാം സ്ഥാനത്തെത്തി. റിയല്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്‍റ് കമ്പനിയായ ജെ.എല്‍.എല്ലിന്‍റെ 2026 ലെ ആഗോള റിയല്‍ എസ്റ്റേറ്റ് സുതാര്യതാ സൂചികയില്‍ വിലയിരുത്തപ്പെട്ട വിപണികളില്‍ ഏറ്റവും വലിയ മുന്നേറ്റമാണ് അബൂദബി രേഖപ്പെടുത്തിയിരിക്കുന്നത്.

2024ലെ സൂചികയില്‍ 41-ാം സ്ഥാനത്തായിരുന്ന അബൂദബി, ഇത്തവണ 2.42 കോമ്പോസിറ്റ് സ്‌കോറോടെയാണ് 33-ാം സ്ഥാനത്തേക്ക് മുന്നേറിയത്. വിപണി ഡാറ്റ, ഗവേണന്‍സ്, റെഗുലേഷന്‍, ഇടപാട് പ്രക്രിയകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രകടനം വിലയിരുത്തിയാണ് ജെ.എല്‍.എല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഈ സൂചിക തയാറാക്കുന്നത്.

ഇടപാട് ഡാറ്റ, സര്‍വീസ് ചാര്‍ജുകള്‍, മറ്റ് യൂനിറ്റ് ലെവല്‍ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രോപ്പര്‍ട്ടി വിപണി സംബന്ധിച്ച് നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്ന വിവരങ്ങളുടെ അളവ് വര്‍ധിപ്പിച്ചതാണ് അബൂദബിക്ക് ഈ നേട്ടം കൈവരിക്കാന്‍ സഹായകരമായത്.

ഇടപാട് ഡാറ്റ, ഗവേണന്‍സ്, നിയമ-നിയന്ത്രണ ചട്ടക്കൂടുകള്‍, ഇടപാട് പ്രക്രിയകള്‍ എന്നിവയുള്‍പ്പെടെ 260 ഘടകങ്ങള്‍ അടിസ്ഥാനമാക്കി ജെ.എല്‍.എല്ലും ലാസല്ലെ ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റും ചേര്‍ന്നാണ് 88 രാജ്യങ്ങളും 146 നഗര വിപണികളും ഉള്‍പ്പെടുത്തി 2026 ലെ സൂചിക തയാറാക്കിയിരിക്കുന്നത്.

കര്‍ശനമായ കോർപറേറ്റ് ഗവേണന്‍സ് നടപ്പിലാക്കുന്നതിലും വിശ്വസനീയമായ ഡാറ്റക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും അബൂദബി കൈവരിച്ച പുരോഗതി നിക്ഷേപകര്‍ക്ക് ആവശ്യമായ റിസ്‌ക് ലഘൂകരണം നല്‍കുന്നുണ്ടെന്ന് യു.എ.ഇ, ഈജിപ്ത്, ആഫ്രിക്ക ജെ.എല്‍.എല്‍ കണ്‍ട്രി സി.ഇ.ഒ ജെയിംസ് അലന്‍ പറഞ്ഞു.

Tags:    
News Summary - Abu Dhabi rises 8 spots to 33rd in Global Real Estate Transparency Index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.