മറിയം
അഭിമാനമായി മറിയം; 2026 ഏഷ്യൻ ഗെയിംസിൽ യു.എ.ഇക്ക് ആദ്യ സ്വർണം
ദുബൈ: 2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ യു.എ.ഇക്കായി ആദ്യ സ്വർണമെഡൽ നേടി ചരിത്രം കുറിച്ച് മറിയം കരീം. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 54.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ ഗെയിംസ് റെക്കോർഡോടെയാണ് 18കാരിയായ മറിയം പൊന്നണിഞ്ഞത്. 2026ലെ അണ്ടർ-20 വിഭാഗത്തിലെ ഈ വർഷത്തെ ഏറ്റവും വേഗമേറിയ സമയം കൂടിയാണിത്.
കസാഖിസ്ഥാന്‍റെ ആദെലീന സെംസ് വെള്ളിയും (54.58 സെക്കൻഡ്) ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലവും (54.75 സെക്കൻഡ്) നേടി. 2023 ലെ ഹങ്ഷൂ ഏഷ്യൻ ഗെയിംസിൽ ബഹ്റൈന്‍റെ കെമി അഡെകോയ സ്ഥാപിച്ച ഏഷ്യൻ ഗെയിംസ് റെക്കോർഡാണ് മറിയം ഇതോടെ മറികടന്നത്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിലെ ഏറ്റവും വേഗമേറിയ ഫിനിഷിങ് എന്ന പുതിയ ഗെയിംസ് റെക്കോർഡ് ഇനി യു.എ.ഇയുടെ ഈ യുവതാരത്തിന്‍റെ പേരിലാണ്.
2008ൽ ജനിച്ച മറിയം അന്താരാഷ്ട്ര അത്‌ലറ്റിക്സിൽ അതിവേഗമാണ് ഉയർന്നുവന്നത്. മുമ്പ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ലോക അണ്ടർ-20 ചാമ്പ്യൻഷിപ്പിലെ മികച്ച എട്ട് സ്ഥാനങ്ങളിലും താരം എത്തിയിട്ടുണ്ട്. ആഗസ്റ്റിൽ 56.27 സെക്കൻഡിൽ യു.എ.ഇ ദേശീയ അണ്ടർ-20 റെക്കോർഡ് തിരുത്തിക്കുറിച്ചാണ് മറിയം ഏഷ്യൻ ഗെയിംസിനെത്തിയത്.
പുരുഷന്മാരുടെ 400 മീറ്ററിൽ സുലൈമാൻ അബ്ദുറഹ്മാൻ നേടിയ വെള്ളിക്ക് പുറമെ മറിയമിന്‍റെ സ്വർണം കൂടിയായതോടെ മെഡൽ പട്ടികയിൽ ആറ് സ്ഥാനം മുന്നേറി യു.എ.ഇ 24-ാമതെത്തി.
യു.എ.ഇ അത്‌ലറ്റിക്‌സ് ഫെഡറേഷൻ പ്രസിഡന്‍റ് മുഹമ്മദ് അബ്ദുല്ല അൽ മുർ ഉൾപ്പെടെയുള്ള പ്രമുഖർ മത്സരം വീക്ഷിക്കാൻ ഐച്ചി-നഗോയയിൽ ഉണ്ടായിരുന്നു. മറിയമിന്‍റെ ഈ അഭിമാന നേട്ടത്തിൽ അൽ മുർ യു.എ.ഇ ഭരണ നേതൃത്വത്തെയും താരത്തിന്‍റെ കുടുംബത്തെയും പരിശീലകരെയും അഭിനന്ദിച്ചു. കായിക മേഖലക്ക് രാജ്യത്തെ ഭരണാധികാരികൾ നൽകുന്ന പിന്തുണയുടെയും യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിന്‍റെയും തെളിവാണ് മറിയമിന്‍റെ സുവർണ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗെയിംസിലെ മറ്റ് മത്സരങ്ങളിൽ, ആർച്ചറി വനിതാ വിഭാഗത്തിൽ ജുമാന അൽ നജ്ജാർ, ആമ്ന അൽ അവാദി എന്നിവർ പ്രീ-ക്വാർട്ടറിൽ പുറത്തായി. പുരുഷന്മാരുടെ ആർച്ചറിയിൽ സുൽത്താൻ അൽ മെൻഹാലി, അബ്ദുല്ല അൽ മൻസൂരി എന്നിവരും പുറത്തായി. ഷൂട്ടിങ് ട്രാപ്പ് യോഗ്യതാ റൗണ്ടിൽ ശൈഖ് മുഹമ്മദ് ബിൻ ദൽമൂക് ആൽ മക്തൂം 95 ടാർഗറ്റുകളും യഹ്‌യ സുഹൈൽ അൽ മുഹൈരി 90 ടാർഗറ്റുകളും ലക്ഷ്യത്തിലെത്തിച്ചു.
പാഡൽ വനിതാ ഡബിൾസിൽ യു.എ.ഇയുടെ ഫാത്തിമ ശഹ്ദൂർ - മറിയം അൽ ഹാശിമി സഖ്യം ആദ്യ റൗണ്ടിൽ തോറ്റു. സെയിലിങ്ങിൽ ദോഹ അൽ ബിഷ്ര് എട്ടാം സ്ഥാനത്തും സുൽത്താൻ അൽ ഉവൈസ് ഒമ്പതാം സ്ഥാനത്തുമാണ്. ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ചൈന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ജപ്പാനും ദക്ഷിണ കൊറിയയുമാണ് തൊട്ടുപിന്നിൽ.
2023 ലെ ഹ്വാങ്ഷൂ ഏഷ്യൻ ഗെയിംസിൽ അഞ്ചു സ്വർണമടക്കം ആകെ 20 മെഡലുകളാണ് യു.എ.ഇ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.