റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയില്‍ നിന്ന് ഷിഫ്ന സിദ്ദീഖ് ‘റാസല്‍ഖൈമ അവാര്‍ഡ്സ് ഫോര്‍ എജുക്കേഷനല്‍ എക്സലന്‍സ് 2026’ ഏറ്റുവാങ്ങുന്നു
റാസല്‍ഖൈമ വിദ്യാഭ്യാസ അവാര്‍ഡ്; മലയാളികള്‍ക്ക് അഭിമാനമായി ഷിഫ്ന
റാസല്‍ഖൈമ: 20-ാമത് റാസല്‍ഖൈമ അവാര്‍ഡ്സ് ഫോര്‍ എജുക്കേഷനല്‍ എക്സലന്‍സ് 2026ല്‍ കാഴ്ചപരിമിതിയിലും പുരസ്കാരം നേടിയ ഷിഫ്ന സിദ്ദീഖ് മലയാളികളുടെ അഭിമാനമായി അഭിമാനമായി. റാക് ഇന്ത്യൻ പബ്ലിക് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഷിഫ്ന. വിദ്യാഭ്യാസ മേഖലയിലെ മികവ് അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 26 വിഭാഗങ്ങളിലായി ഷിഫ്ന ഉള്‍പ്പെടെ 68 പേരാണ് ഇക്കുറി റാക് ഭരണാധിപന്‍ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയില്‍ നിന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്.
എക്സലന്‍സ് ഇന്‍ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ‘പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥി’ എന്ന വിഭാഗത്തിലാണ് ഷിഫ്ന അവാര്‍ഡ് കരസ്ഥമാക്കിയത്. തിരൂര്‍ കരത്തൂര്‍ സ്വദേശി സിദ്ദീഖ് -നുസൈബ ദമ്പതികളുടെ മകളായ ഷിഫ്നക്ക് ജന്മനാ കൂട്ടിനത്തെിയതാണ് കാഴ്ച പരിമിതി. അന്ധതക്കുപുറമേ ശാരീരിക വിഷമതകളോടും പൊരുതി, പഠനത്തിനൊപ്പം സര്‍ഗാത്മക കഴിവുകളെയും ജ്വലിപ്പിക്കുന്നതാണ് ഷിഫ്നയെ ശ്രദ്ധേയമാക്കുന്നത്. അഞ്ച് വയസ്സ് മുതല്‍ സ്കൂള്‍ തലത്തിലും സബ് ജില്ല കലോത്സവ വേദികളിലും ഷിഫ്ന വിജയം വരിച്ചു. കഥാപ്രസംഗം, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാലാപാനം തുടങ്ങിയവയിലാണ് നാട്ടിലെ സ്കൂള്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. മികച്ച അധ്യാപികയാകണമെന്ന് സ്വപ്നം കാണുന്ന ഷിഫ്ന പ്രിയ ഭരണാധിപനില്‍നിന്ന് റാസല്‍ഖൈമയുടെ വിദ്യാഭ്യാസ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ്.
രക്ഷിതാക്കൾ നൽകുന്ന കരുതലിനൊപ്പം സ്കൂളിലെ അധ്യാപകരും സഹപാഠികളും നല്‍കുന്ന പിന്തുണ വലുതാണെന്നും ഷിഫ്ന പറയുന്നു. 14 വര്‍ഷമായി യു.എ.ഇയിലുള്ള ഷിഫ്നയുടെ പിതാവ് സിദ്ദീഖ് കോവിഡിന് ശേഷമാണ് കുടുംബത്തെയും റാസല്‍ഖൈമയിലേക്ക് കൂട്ടിയത്. മലയാളം മിഷന്‍ ആഗോള തലത്തില്‍ നടന്ന സുഗതാഞ്ജലി കാവ്യാലാപനം, ഓണപ്പാട്ട് തുടങ്ങിയവയില്‍ പങ്കെടുത്ത ഷിഫ്ന വിജയം നേടിയിരുന്നു. മുഹമ്മദ് നൂഹ്, ആയിഷ, മുസ്തഫ എന്നിവര്‍ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.