13ാമത് ഷാർജ പ്രസാധക സമ്മേളനം ഷാർജ ബുക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: എഴുതപ്പെട്ട വാക്കിന് വലിയ ശക്തിയാണുള്ളതെന്നും മനുഷ്യനെ ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനും അതിന് കഴിയുമെന്നും ഷാർജ ബുക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ അൽ ഖാസിമി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച 13ാമത് ഷാർജ പ്രസാധക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വ്യാജവാർത്തകളുടെയും തെറ്റായ വിവരങ്ങളുടെയും അൽഗോരിതത്തിന്റെയും മേധാവിത്വമുള്ള കാലത്ത് മാനവികതയിലുള്ള വിശ്വാസം നിലനിർത്താനും പ്രചരിപ്പിക്കാനും ഉത്തരവാദപ്പെട്ടവരാണ് പ്രസാധകർ. അസത്യത്തിനെതിരെ സത്യത്തിന് മുൻതൂക്കം ലഭിക്കുന്നതിന് ശരിയായ വിവരങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ സാധിക്കേണ്ടതുണ്ട് -അവർ കൂട്ടിച്ചേർത്തു. ഷാർജ എക്സ്പോ സെന്ററിന് സമീപം പ്രത്യേക സജ്ജമാക്കിയ വേദിയിൽ ആരംഭിച്ച സമ്മേളനം ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കുന്നതാണ്.
പുസ്തകോത്സവത്തിലെ ഇത്തവണത്തെ അതിഥി രാജ്യമായ ദക്ഷിണ കൊറിയയിലെ പബ്ലിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് യൂൻ ചുൽ ഹോ മുഖ്യാതിഥിയായി ചടങ്ങിൽ സംബന്ധിച്ചു. ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹ്മദ്ദ് ബിൻ റക്കാദ് അൽ ആമിരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
പ്രസാധക മേഖലയിലെ നവീന ആശയ കൈമാറ്റങ്ങൾക്കും പരസ്പര സഹകരണ കരാറുകൾക്കും വേദിയാകുന്ന സമ്മേളനത്തിൽ ഇത്തവണ 101 രാജ്യങ്ങളിൽനിന്നായി പ്രസാധകർ, വിതരണക്കാർ, പുസ്തക വിദഗ്ധർ എന്നിവരെത്തിച്ചേർന്നിട്ടുണ്ട്.
ബെനിൻ, ഐവറി കോസ്റ്റ്, ചെക്ക് റിപ്പബ്ലിക്, മൊറീഷ്യസ്, പരാഗ്വേ, ബുർകിന ഫാസോ, കോംഗോ എന്നീ ഏഴ് രാജ്യങ്ങൾ ഇത്തവണ സമ്മേളനത്തിൽ അരങ്ങേറ്റം കുറിക്കുന്നവരാണ്. പ്രസിദ്ധീകരണ വ്യവസായത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന വിദഗ്ധരുടെ സംസാരങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ വിവിധ സെഷനുകളിലായി നടക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബർ ഒന്ന് ബുധനാഴ്ചയാണ് തുടക്കമാകുന്നത്. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 12 വരെയാണ് മേള അരങ്ങേറുക. ‘നാം പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്നതാണ് ഇത്തവണ മേളയുടെ സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.