ബാങ്കിങ് മേഖലയില്‍ പുതിയ സുരക്ഷ ചട്ടങ്ങള്‍

അബൂദബി: യു.എ.ഇയിലെ സാമ്പത്തിക-ബാങ്കിങ് മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്‍റെ ‘അപകടസാധ്യത മാനേജ്മെന്‍റ്​ ചട്ടങ്ങള്‍’ പ്രാബല്യത്തില്‍ വന്നു. നിലവില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന നഷ്ടങ്ങള്‍ ഒഴിവാക്കുക എന്നതിലുപരി, അടിയന്തര സാഹചര്യങ്ങളെ നേരിടാനും അതിജീവിക്കാനും സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയാണ് പുതിയ ചട്ടങ്ങള്‍ ലക്ഷ്യമിടുന്നത്. ബാങ്കുകള്‍ മാത്രമല്ല, നിയമ സാധുതയുള്ള എല്ലാ ലൈസന്‍സുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും പുതിയ ചട്ടം ബാധകമാണ്. തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാനും ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ സുരക്ഷിതമാക്കാനുമുള്ള ചുവടുവെപ്പാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്‍റെ ഈ പുതിയ നിയമങ്ങളെന്നും സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

പ്രധാന വിവരങ്ങള്‍

നാല് മണിക്കൂര്‍ സമയപരിധി: ഗുരുതരമായ പ്രവര്‍ത്തന തടസ്സങ്ങളോ സുരക്ഷാ വീഴ്ചകളോ ഉണ്ടായാല്‍ നാല് മണിക്കൂറിനകം സെന്‍ട്രല്‍ ബാങ്കിനെ വിവരം അറിയിക്കണം. 24 മണിക്കൂറിനകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

സൈബര്‍ സുരക്ഷ മുഖ്യം: വിവരസാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ എന്നിവ ഇനിമുതല്‍ റിസ്‌ക് മാനേജ്മെന്‍റിന്‍റെ കേന്ദ്രഭാഗമായിരിക്കും. സ്വതന്ത്രമായ അനുബന്ധ പരിശോധനകള്‍ നിര്‍ബന്ധമായിരിക്കും.

ഉപഭോക്തൃ സംരക്ഷണം: സാങ്കേതിക തകരാറുകള്‍ മൂലം ഉപഭോക്താക്കള്‍ക്ക് തെറ്റായ വിവരങ്ങളോ അക്കൗണ്ട് ബാലന്‍സോ ലഭിച്ചാല്‍ നഷ്ടം സ്ഥാപനം പരിഹരിക്കണം. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.

കടുത്ത ശിക്ഷാനടപടികള്‍: ചട്ടങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ പിഴയും, മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ബോര്‍ഡ് അംഗങ്ങളെയും നീക്കം ചെയ്യുകയോ വിലക്കുകയോ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളും സെന്‍ട്രല്‍ ബാങ്ക് സ്വീകരിക്കും.

Tags:    
News Summary - New security regulations in the banking sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.