അബൂദബിയിലേക്ക് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സൗജന്യ വിസ; ആദ്യ ബുക്കിങ്ങുകളില്‍ മികച്ച പ്രതികരണം

അബൂദബി: ഇന്ത്യന്‍ യാത്രക്കാര്‍ക്കായി അബൂദബി ഡിപാർട്​മെന്‍റ്​ ഓഫ് കള്‍ച്ചര്‍ ആൻഡ്​ ടൂറിസം പ്രഖ്യാപിച്ച സൗജന്യ വിസ പദ്ധതിക്ക് മികച്ച പ്രതികരണം. വിസ പ്രോസസിങ്​ നിരക്കുകളല്ല, മറിച്ച് ഉയര്‍ന്ന വിമാനക്കൂലിയും ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ത്യന്‍ യാത്രക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഡി.സി.ടി അബൂദബി ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ അബ്ദുല്ല യൂസുഫ് വ്യക്തമാക്കി. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ വിശദവിവരങ്ങൾ

പദ്ധതിയുടെ ലക്ഷ്യം: ഇന്ത്യന്‍ കുടുംബങ്ങളുടെ യാത്രാ ചെലവ് ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് സൗജന്യ വിസ പൈലറ്റ് പദ്ധതി ആരംഭിച്ചത്.

കാലാവധി: 2026 ആഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നിബന്ധനകള്‍: ഇന്ത്യയില്‍നിന്ന് അബൂദബിയിലേക്ക് കുറഞ്ഞത് മൂന്ന് രാത്രികളില്‍ എങ്കിലും താമസിക്കുന്ന രീതിയില്‍ ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യു.എ.ഇ എട്രി വിസ സൗജന്യമായി ലഭിക്കും.

പരിധി: പൈലറ്റ് പദ്ധതിയുടെ ഭാഗമായി തുടക്കത്തില്‍ 20000 വിസകളാണ് അനുവദിക്കുന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ചയും ഉയര്‍ന്ന വിമാനക്കൂലിയും തടസം

മേയില്‍ അബൂദബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യന്‍ ട്രാവല്‍ പങ്കാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തത്. ‘ബിസിനസ് പതിവുപോലെ നടക്കുന്നു’ എന്ന് ലോകത്തിന് ബോധ്യപ്പെടുത്താനും ഇന്ത്യന്‍ യാത്രക്കാരുടെ യാത്രാതടസ്സങ്ങള്‍ മനസിലാക്കാനുമായിരുന്നു ഈ സന്ദര്‍ശനം.

ഇന്ത്യക്കാര്‍ക്ക് വിദേശയാത്രയിലെ പ്രധാന വെല്ലുവിളി ഉയര്‍ന്ന വിമാനക്കൂലിയാണെന്ന് അബ്ദുല്ല യൂസുഫ് വ്യക്തമാക്കി. രൂപയുടെ മൂല്യം ഇടിയുന്നത് ഏതൊരു യാത്രാ പാക്കേജിന്‍റെയും ചെലവ് വർധിപ്പിക്കുന്നു. ഇന്ത്യന്‍ കുടുംബങ്ങളുടെ യാത്രാ തീരുമാനത്തില്‍ ഏറ്റവും വലിയ മാറ്റമുണ്ടാക്കുക വിസ ഫീസിലാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് പദ്ധതിക്ക് രൂപം നല്‍കിയത്. യു.എസ്, യു.കെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുടെ സാധുവായ വിസയുള്ള നിരവധി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യു.എ.ഇയില്‍ എന്‍ട്രി വിസ ഓണ്‍ അറൈവല്‍ ലഭിക്കും. എന്നാല്‍ ഇക്കാര്യം എല്ലാവരിലും എത്തിക്കാന്‍ കൂടുതല്‍ ആശയവിനിമയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അബ്ദുല്ല യൂസുഫ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Free visa for Indian travelers to Abu Dhabi; Excellent response in first bookings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.