മരുഭൂമിയിൽ പരിക്കേറ്റ് കിടന്ന മാനിനെ രക്ഷിച്ച് യു.എ.ഇ പൗരൻ

ദുബൈ: മരുഭൂമിയിൽ കടുത്ത ചൂടിൽ പരിക്കേറ്റ് കിടന്ന മാനിനെ രക്ഷിച്ച് മാതൃകയായി യു.എ.ഇ പൗരൻ. അൽമെഹൈർബി എന്ന 47 കാരനാണ്​ സെയ്ഹ് അൽ സലാം മരുഭൂമിയിലൂടെയുള്ള യാത്രക്കിടെ വിജനമായ സ്ഥലത്ത് മാനിനെ കണ്ടത്​. ​പരിക്കേറ്റ്​, നടക്കാൻ ബുദ്ധിമുട്ടിയ മാനിന്​ കുടിവെള്ളം നൽകിയ അൽമെഹൈർബി ഉടൻ പരിസ്ഥിതി വകുപ്പിനെ വിവരമറിയിക്കുകയുമായിരുന്നു.

നാലു വയസ്സ് പ്രായമുള്ള ആൺമാനിന്‍റെ ഞരമ്പുകൾക്ക് ക്ഷതമേറ്റതായും കടുത്ത നിർജ്ജലീകരണം സംഭവിച്ചതായും പരിശോധനയിൽ കണ്ടെത്തി. മൃഗാശുപത്രിയിലെ രണ്ടാഴ്ചത്തെ വിദഗ്ധ ചികിത്സക്കും പരിചരണത്തിനും ശേഷം മാനിനെ പൂർണ ആരോഗ്യത്തോടെ പഴയ സ്ഥലത്തുതന്നെ തിരികെ തുറന്നുവിട്ടു.

50 വർഷത്തോളം ഈ മേഖലയിൽ നായാട്ട് നടത്തിയിരുന്ന തന്‍റെ അന്തരിച്ച പിതാവിന്‍റെ ഓർമക്കായി കഴിഞ്ഞ 25 വർഷമായി അൽമേഹൈർബി, സെയ്ഹ് അൽ സലാമിൽ പതിവായി എത്താറുണ്ട്. മരുഭൂമിയെ തന്‍റെ ഒന്നാം വീടായി കരുതുന്ന അദ്ദേഹം, വന്യമൃഗങ്ങൾക്കായി വെള്ളവും ഭക്ഷണവും എത്തിക്കുകയും പിതാവിന്‍റെ കാലം മുതലുള്ള അപൂർവ സസ്യങ്ങൾ നശിച്ചുപോകാതെ പരിപാലിക്കുകയും ചെയ്തുവരുന്നു.

യു.എ.ഇയുടെ സാംസ്കാരിക പാരമ്പര്യത്തിലും ചരിത്രത്തിലും വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ‘ഗസലുകൾ’ എന്ന ഈ മാനുകൾക്കുള്ളത്. വേഗതയുടെയും സഹനശക്തിയുടെയും പ്രതീകമായ ഇൗ അപൂർവ മാനുകളെ സംരക്ഷിക്കാൻ ദുബൈ ഡെസേർട്ട് കൺസർവേഷൻ റിസർവ് ഉൾപ്പെടെയുള്ള നിരവധി സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്.

അപകടനിലയിലോ പരിക്കേറ്റ നിലയിലോ മൃഗങ്ങളെ കണ്ടാൽ സ്വയം ചികിത്സിക്കാനോ ഭയപ്പെടുത്താനോ ശ്രമിക്കാതെ, സ്ഥലം അടയാളപ്പെടുത്തി ഉടൻ അറിയിക്കണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു. ദുബൈ മുനിസിപ്പാലിറ്റി (800900) അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (8003050) എന്നിവയുമായി പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.

Tags:    
News Summary - UAE citizen saves injured deer in desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.