ഷാർജ: ഷാർജയിൽ നിന്നും ദുബൈയിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ഷാർജ ഭരണാധികാരി. ഷാർജയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന ആഭ്യന്തര-പ്രധാന റോഡുകളുടെ വികസനത്തിനായി 75 കോടി ദിർഹത്തിന്‍റെ വൻകിട പദ്ധതികൾ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. അഞ്ച് പ്രധാന ഘട്ടങ്ങളായി നിർമിക്കുന്ന ഈ വമ്പൻ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 2026 നവംബറിൽ നടക്കും.
ഷാർജ റേഡിയോയുടെ 'ഡയറക്ട് ലൈൻ' പരിപാടിയിൽ ഫോണിലൂടെ സംസാരിക്കവെയാണ് അദ്ദേഹം എമിറേറ്റിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള സുപ്രധാന പദ്ധതികൾ ജനങ്ങളുമായി പങ്കുവെച്ചത്. മുബാദറ, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ-സ്വകാര്യ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നിർമാണം. നിലവിൽ നിർമാണം വേഗത്തിലാക്കാൻ പ്രീകാസ്റ്റ് കോൺക്രീറ്റ് സാങ്കേതികവിദ്യയാണ് എൻജിനീയർമാർ ഉപയോഗിക്കുന്നത്. സുഗമമായ നിർമാണത്തിനായി ഷാർജ പൊലീസിന്‍റെ സഹകരണത്തോടെ ഗതാഗതം താൽക്കാലികമായി തിരിച്ചുവിടുന്നത് ഇതിനകം തന്നെ റോഡുകളിൽ സജ്ജമാക്കിയിട്ടുണ്ട്. പ്രധാനമായും അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.
500 മീറ്റർ തുരങ്കം
പദ്ധതിയുടെ പ്രധാന ആകർഷണം അൽ തആവുൻ റൗണ്ട് എബൗട്ടിന് താഴെയായി നിർമിക്കുന്ന 500 മീറ്റർ നീളമുള്ള തുരങ്കമാണ്. ഇരുവശങ്ങളിലേക്കുമായി മൂന്ന് വരി പാതകൾ വീതമുള്ള ഈ ടണൽ അൽ തആവുൻ സ്ട്രീറ്റിൽ നിന്ന് അൽ നഹ്ദ ബ്രിഡ്ജ് വഴി ദുബൈയിലേക്ക് സിഗ്നലുകളില്ലാതെ നേരിട്ട് വേഗത്തിൽ യാത്ര ചെയ്യാം. ഇതോടൊപ്പം, തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 4,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സിഗ്നൽ ജങ്ഷനും വരും. തുരങ്കം വഴി ഷാർജ എക്സ്പോ സെന്‍ററിലേക്കും എക്സ്പോ പാർക്കിങ്ങിലേക്കും ഭാവിയിൽ വരാനിരിക്കുന്ന ‘അൽ നൂർ റോഡി’ലേക്കും ഇതുവഴി തടസ്സമില്ലാതെ പോകാം. ഇതിനായി പ്രത്യേക ദിശാസൂചക ബോർഡുകളും സ്ഥാപിക്കും.
അൽ നഹ്ദ ബ്രഡ്ജ് വരെ നീളുന്ന ഈ തുരങ്കപ്പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ അൽ തആവുൻ സ്മാരകം അതിന്‍റെ യഥാർഥ സ്ഥാനത്ത് തന്നെ പുനഃസ്ഥാപിക്കുമെന്നും ജനങ്ങളുടെ പ്രിയപ്പെട്ട ഓർമകൾ കാത്തുസൂക്ഷിക്കുമെന്നും ശൈഖ് സുൽത്താൻ ഉറപ്പുനൽകി. ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി വികസിപ്പിക്കുന്ന മറ്റൊരു സുപ്രധാന പാതയായ ‘അൽ നൂർ റോഡ്’ ഈ വർഷം അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. അൽ ഉറൂബ സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് അൽ നഹ്ദ ബ്രിഡ്ജ് വഴി നേരിട്ട് ദുബൈയിലേക്ക് പ്രവേശിക്കുന്നതാണ് അൽ നൂർ റോഡ്. ഈ റോഡുകളെ എമിറേറ്റ്സ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് തുടങ്ങിയ പ്രധാന ഹൈവേകളുമായി നേരിട്ട് ബന്ധിപ്പിക്കും.
അഞ്ച് പുതിയ പാലങ്ങൾ
ഗതാഗതക്കുരുക്ക് പൂർണമായി ഒഴിവാക്കാൻ അഞ്ച് പുതിയ പാലങ്ങളുടെ നിർമാണവും പദ്ധതിയിലുണ്ട്. ഇൻഡസ്ട്രിയൽ സ്ട്രീറ്റ് 1, 2, 3 എന്നിവിടങ്ങളിലും ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലേക്ക് പ്രവേശിക്കാനുമായി നിർമിക്കുന്ന ഈ പാലങ്ങൾ വഴി വാഹനങ്ങൾക്ക് മറ്റ് റോഡുകളിലെ തിരക്കിൽ പെടാതെ ഫ്രീ-ഫ്ലോ ആയി തിരിയാൻ സാധിക്കും. കൂടാതെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുള്ള നിലവിലെ ഇന്‍റർചേഞ്ച് വികസിപ്പിക്കുന്നതോടെ ഹൈവേയിൽ നിന്നും അൽ തആവുൻ, അൽ ഖാൻ, അൽ ബുഹൈറ ഭാഗങ്ങളിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ കഴിയും.
ഈ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അൽ മജാസ്, അൽ നഹ്ദ തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൂടെ ദുബൈയിലേക്ക് ദിവസേന ജോലിക്ക് പോകുന്ന പ്രവാസികളുടെ യാത്രാസമയം പകുതിയായി കുറയും. അൽ ഇത്തിഹാദ് റോഡിലെയും പ്രധാന ജങ്ഷനുകളിലെയും വലിയ ഗതാഗതക്കുരുക്കിന് സ്ഥിര പരിഹാരവുമാകും.
കൂടാതെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള, എക്സ്പോ സെന്‍റർ എന്നിവിടങ്ങളിലേക്ക് എത്തുന്ന സന്ദർശകർക്കും പുതിയ റോഡ് ശൃംഖല ഏറെ സഹായകമാകും. പദ്ധതിയുടെ എല്ലാ ഡിസൈനുകളും പൂർത്തിയായതായും എൻജിനീയർമാർ നിലവിൽ നിർമാണ സ്ഥലത്ത് സജീവമാണെന്നും ശൈഖ് സുൽത്താൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.