എയർ അറേബ്യക്ക് പ്രത്യേക സിറ്റി ചെക് ഇൻ സൗകര്യംഷാർജ: ശൈത്യകാല അവധി സീസണിൽ യാത്രക്കാരുടെ വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ സമഗ്രമായ ഒരുക്കങ്ങളുമായി ഷാർജ അന്താരാഷ്ട്ര വിമാനത്താവളം.സന്ദർശകർക്ക് തടസ്സമില്ലാത്ത യാത്ര അനുഭവം ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും പൂർത്തീകരിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് വേഗത്തിൽ ചെക് ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നൂതനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
എയർ അറേബ്യ യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തും മുമ്പ് ചെക് ഇൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി സിറ്റി ചെക് ഇൻ സംവിധാനവും സജ്ജമാണ്.മുൻകൂട്ടി ചെക് ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന യാത്രക്കാർക്ക് നേരിട്ട് ഇമിഗ്രേഷൻ കൗണ്ടറുകളിലേക്ക് പ്രവേശിക്കാനാവും. തിരക്ക് കണക്കിലെടുത്ത് വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കണം.
സെൽഫ് സർവിസ് ചെക് ഇൻ കിയോസ്കുകളും പുറപ്പെടൽ ഹാൾ ബാഗേജ് ഡ്രോപ് കൗണ്ടറുകളും ഉൾപ്പെടെ യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കാൻ സൗകര്യപ്രദമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.പുറപ്പെടൽ ഏരിയയുടെ പ്രധാന കവാടത്തിൽ യാത്രക്കാർക്ക് വിശ്രമത്തിനായി ‘അൽ ദിയാഫ ലോഞ്ച്’ തുറന്നിട്ടുണ്ട്. പ്രീമിയം സുഖസൗകര്യങ്ങളും ഹോസ്പിറ്റാലിറ്റി സേവനങ്ങളും ഇവിടെ വാഗ്ദാനം ചെയ്യുന്നു.
പുതുവത്സവര അവധി ദിനങ്ങളിൽ ദുബൈ, അബൂദബി, ഷാർജ വിമാനത്താവളങ്ങളിൽ കഴിഞ്ഞവർഷങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. തുടർച്ചയായുള്ള അവധിദിനങ്ങളിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ഏറെയാണ്.
അതിനനുസരിച്ച് വിമാന ടിക്കറ്റ് നിരക്കുകളും ഉയർന്നിട്ടുണ്ട്. ശൈത്യകാലത്ത് ജബൽ ജെയ്സ് ഉൾപ്പെടെ രാജ്യത്തിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്ലൊം താപനില കുറഞ്ഞതോടെ മികച്ച കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.