ദുബൈ: എമിറേറ്റിൽ വൻ വിജയമായ ഷെയർ ടാക്സി സർവിസ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേൾഡ് ട്രേഡ് സെന്‍റർ എന്നീ രണ്ട് പ്രധാന ലൊക്കേഷനുകളിൽ കൂടിയാണ് പുതിയ സർവിസ് ആരംഭിക്കുക. ഇതിന് മുന്നോടിയായി ആറു മാസത്തെ പരീക്ഷണ ഓട്ടം ഉടൻ പ്രഖ്യാപിക്കും. ദുബൈ മറീന മാൾ, ബിസിനസ് ബേ മെട്രോ സ്റ്റേഷൻ, പാം ജുമൈറ അറ്റ്ലാന്റിസ് മെട്രോ സ്റ്റേഷൻ എന്നീ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം റൂട്ട്. ബിസിനസ് ബേ മെട്രോ സ്റ്റേഷൻ, അൽ സത്വ ബസ് സ്റ്റേഷൻ, ദുബൈ മറീന മാൾ എന്നിവയാണ് ദുബൈ വേൾഡ് ട്രേഡ് സെന്‍റർ റൂട്ടിൽ ഉൾപ്പെടുന്നത്.
കഴിഞ്ഞ വർഷമാണ് ദുബൈ ഷെയർ ടാക്സി സർവിസിന് ആർ.ടി.എ തുടക്കമിടുന്നത്. ദുബൈയിലെ ഇബ്ൻ ബത്തൂത്ത മാളിൽ നിന്ന് അബൂദബിയിലെ അൽ വഹ്ദ മാളിലേക്കായിരുന്നു സർവിസ്. മിതമായ നിരക്കിൽ വേഗമേറിയ യാത്ര മാർഗം എന്ന നിലയിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് പദ്ധതിക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ റൂട്ടിൽ ഷെയർ ടാക്സി ഉപയോഗിച്ചവരുടെ എണ്ണത്തിൽ 228 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് ആർ.ടി.എയുടെ പ്ലാനിങ് ആൻഡ് ബിസിനസ് ഡവലപ്മെന്റ ഡയറക്ടർ ആദിൽ ശാക്കിരി പറഞ്ഞു.
ഫീൽഡ് പഠനത്തിന്‍റെയും വിശദമായ സാധ്യത വിലയിരുത്തലിന്‍റെയും അടിസ്ഥാനത്തിലാണ് പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചത്. ഷെയർ ടാക്സി യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്നിലധികം യാത്രക്കാർക്കാർക്ക് ഒരു ടാക്സിയിൽ യാത്ര അനുവദിക്കുന്നതിലൂടെ നഗരത്തിലെ ഗതാഗത തിരക്ക് വലിയ രീതിയിൽ കുറക്കാൻ സംരംഭത്തിന് കഴിഞ്ഞു. ഗതാഗതം സുഗമമാകുന്നതിനൊപ്പം കാർബൺ വ്യാപനം കുറക്കാനും സാധിച്ചു. യാത്രക്കാർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നതിലൂടെ നിയമപരമല്ലാത്ത ടാക്സി സർവിസുകളെ തടയാനും പദ്ധതി സഹായകരമായതായി ആദിൽ ശാക്കിരി കൂട്ടിച്ചേർത്തു. ഓപറേഷൻസ് കൺട്രോൺ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള ക്യാമറകൾ വഴി യാത്രകൾ നിരീക്ഷിക്കുന്നതിനാൽ യാത്രക്കാർക്ക് സുരക്ഷ ഉറപ്പുനൽകാനാവും. കൂടാതെ ഡ്രൈവർമാരുടെ പ്രകടനവും ഇതുവഴി വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.