ദുബൈ: നമ്മൾ ഐക്യപ്പെടുമ്പോഴാണ് നാം ശക്തരാവുന്നതെന്നും ലോകത്തെ ഗ്രസിച്ച ഈ മഹാമാരിക്കെതിരായുള്ള പോരാട്ടത്തിന് ആഗോളതലത്തിൽ വ്യത്യസ്ത തരത്തിലുള്ള നൂതനവും വേഗത്തിലുള്ളതുമായ അന്താരാഷ്ട്ര സഹകരണ സംവിധാനങ്ങൾ ആവശ്യമാണെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അന്താരാഷ്ട്ര സമൂഹത്തോട് പറഞ്ഞു. വിദേശ രാജ്യങ്ങളിലെ യു.എ.ഇ നയതന്ത്ര കാര്യാലയങ്ങളുമായി വിഡിയോ കോൺഫറൻസ് വഴി നടത്തിയ അവലോകന യോഗത്തിലാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ലോകത്തിന് ഇൗ സന്ദേശം കൈമാറിയത്. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ആഗോളതലത്തിൽ രാജ്യങ്ങൾ കൈക്കൊള്ളുന്ന പ്രതിരോധ, മുൻകരുതൽ നടപടികളും വിദേശ രാജ്യങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന നയതന്ത്ര ദൗത്യങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച കോൺഫറൻസിൽ അവലോകനം ചെയ്തു.
ആതിഥേയ രാജ്യങ്ങളിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന് പുറത്ത് താമസിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആശയവിനിമയ ചാനലുകൾ സുഗമമാക്കുന്നതിനുമായി രാജ്യത്തെ എംബസികളും കോൺസുലേറ്റുകളും സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ യോഗത്തിൽ ശൈഖ് മുഹമ്മദ് വിശകലനം ചെയ്തു. ഞങ്ങളുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിെൻറയും വിദേശത്തുള്ള ഞങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നു. മഹാമാരിയുടെ കാലത്ത് ആരോഗ്യവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള പൊതുവായ ഏതൊരു ആഗോള ശ്രമങ്ങളെയും ഞങ്ങൾ പിന്തുണക്കുന്നു എന്നതാണ് ഞങ്ങളുടെ അംബാസഡർമാർ മുഖേനയുള്ള യു.എ.ഇ നൽകുന്ന സന്ദേശം.
വംശം, നിറം, മതം, രാഷ്ട്രീയ നിലപാട് എന്നിവ കണക്കിലെടുക്കാതെ ലോകമെമ്പാടുമുള്ള ആളുകളെ സഹായിക്കാനുള്ള യു.എ.ഇയുടെ പ്രവർത്തനങ്ങൾ രാജ്യത്തിെൻറ മാനവികതയാണ് ഉയർത്തിപ്പിടിക്കുന്നതെന്നും ആഗോള സമൂഹങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ യു.എ.ഇയുടെ നയതന്ത്ര ദൗത്യങ്ങളുടെ പങ്ക് വിജയകരമാണെന്നും വിലയിരുത്തിയ അദ്ദേഹം. വിദേശകാര്യ മന്ത്രാലയത്തിെൻറയും അന്താരാഷ്ട്ര സഹകരണത്തിെൻറയും പ്രവർത്തന ശ്രമങ്ങളെയും പ്രശംസിച്ചു.
യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഞങ്ങളുടെ അംബാസഡർമാരും സ്വീകരിച്ച സജീവവും പെട്ടെന്നുള്ളതുമായ നടപടികൾ ഏത് സാഹചര്യത്തിനും പ്രവർത്തിക്കാനുള്ള സന്നദ്ധത പ്രകടമാക്കുന്നതാണ്. യു.എ.ഇ പ്രാദേശികമായും വിദേശത്തും ഒരു ടീമായാണ് പ്രവർത്തിക്കുന്നത്. ഞങ്ങളുടെ ഭൂരിപക്ഷം വിദ്യാർഥികൾക്കും പൗരന്മാർക്കും എളുപ്പത്തിലും കാര്യക്ഷമതയോടെയും കൂടി യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞിട്ടുണ്ട്. അവിചാരിതമായ കാരണങ്ങളാൽ വിദേശത്ത് തുടരുന്നവർക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും അമേരിക്ക, കൊറിയ, ചൈന, ആസ്ട്രേലിയ, ജർമനി, യു.കെ, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ യു.എ.ഇ അംബാസഡർമാർ വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.