ദുബൈ: രാജ്യത്തെ സ്കൂളുകളുടെ വെള്ളിയാഴ്ചയിലെ പ്രവൃത്തിസമയ മാറ്റം പ്രാബല്യത്തിൽ. രാജ്യത്ത് ജുമുഅ പ്രാർഥന സമയം ഉച്ച 12.45 ആയി ഏകീകരിച്ച പശ്ചാത്തലത്തിലാണ് പ്രവൃത്തിസമയമാറ്റം പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ സ്കൂളുകൾ ഉച്ച 11.30ഓടെ ക്ലാസുകൾ അവസാനിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
രക്ഷിതാക്കൾക്ക് സ്കൂളുകളിലെത്തി കുട്ടികളെ കൊണ്ടുപോകാനും ജുമുഅ പ്രാർഥനയിൽ പങ്കെടുക്കാനുമുള്ള സൗകര്യം പരിഗണിച്ചാണ് മാറ്റം നടപ്പാക്കിയത്. സർക്കാർ സ്കൂളുകളിൽ കിന്റർഗാർട്ടനുകൾ രാവിലെ എട്ട് മുതൽ 11.30 വരെയാണ് പ്രവർത്തിക്കുന്നത്. സൈക്ക്ൾ വൺ സ്കൂളുകൾക്ക് രണ്ട് ഷെഡ്യൂളുകളാണ് അനുവദിച്ചിരിക്കുന്നത്. രാവിലെ 7.10മുതൽ 10.30വരെയും എട്ടുമുതൽ 11.30വരെയുമാണ് പ്രവൃത്തി സമയം.
സൈക്ക്ൾ 2, 3 സ്കളുകളിൽ ആൺകുട്ടികൾക്ക് രാവിലെ 7.10മുതൽ 10.30വരെയും പെൺകുട്ടികൾക്ക് എട്ടുമുതൽ 11.30വരെയുമാണ് പ്രവൃത്തിസമയം. ദുബൈയിൽ സ്വകാര്യ സ്കൂളുകൾ വെള്ളിയാഴ്ചകളിൽ രാവിലെ 11.30ന് മുമ്പ് സ്കൂൾ സമയം അവസാനിപ്പിക്കണമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) നിർദേശം നൽകിയിരുന്നു. നേരത്തെ ഇത് 12 മണിയായിരുന്നു. രാജ്യത്ത് ജുമുഅ നമസ്കാര സമയത്തിലെ മാറ്റം ജനുവരി രണ്ട് മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ സമയക്രമം എല്ലാ എമിറേറ്റുകളിലെയും എല്ലാ പള്ളികളിലും നടപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് താമസിക്കുന്ന കുടുംബങ്ങൾ, തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർക്കെല്ലാം ഏകീകൃത സമയക്രമം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.