ദുബൈ: മികവേറിയതെന്തും സ്വന്തം പേരിലാക്കുന്ന ദുബൈക്ക് വീണ്ടും ഗിന്നസ് ബഹുമതി. ലോകത്തെ ഏറ്റവും വലിയ ജിഗ്സോ പസിൽ (കൂട്ടിയോജിപ്പിച്ച കഷ്ണങ്ങൾ മുഖേനയുള്ള ചിത്രമെഴുത്ത്) വഴി രാഷ്ട്ര പിതാവ് ശൈഖ് സായിദിെൻറ ചിത്രം വരച്ചാണ് പുതിയ റെകോർഡ് സ്ഥാപിച്ചത്. സായിദ് വർഷ പരിപാടികളുടെ ഭാഗമായി ജുമേറ ലേക്ക് ടവറിലുള്ള ദുബൈ മൾട്ടി കമോഡിറ്റീസ് സെൻറർ (ഡി.എം.സി.സി) ആണ് ഇതു നിർവഹിച്ചത്. 12000 കഷ്ണങ്ങൾ ഉപയോഗിച്ചാണ് ആറായിരം ചതുരശ്ര മീറ്റർ വലിപ്പമുള്ള ചിത്രം പൂർത്തിയാക്കിയത്. ഹോങ്കോങിലെ കൈ താക് വിമാനത്താവളത്തിൽ 5,428.8 ചതുരശ്ര മീറ്റർ വലിപ്പത്തിൽ നിർമിച്ച ജിഗ്സോ പസിലിനെയാണ് ദുബൈ കടത്തിവെട്ടിയത്.
അതുല്യമായ കാഴ്ചപ്പാടുകൾ സൂക്ഷിച്ചിരുന്ന മഹാ ദാർശനിക നായകനായ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് സമർപ്പിക്കുന്ന ആദരവും അദ്ദേഹം മുന്നോട്ടുവെച്ച ആദർശങ്ങളും പൈതൃകവും മുന്നോട്ടു കൊണ്ടുപോകുവാനുള്ള പ്രതിജ്ഞപുതുക്കലുമാണ് ഇത്തരമൊരു പദ്ധതിക്കു പിന്നിലെന്ന് ഡി.എം.സി.സി എക്സിക്യൂട്ടിവ് ചെയർമാൻ അഹ്മദ് ബിൻ സുലൈം വ്യക്തമാക്കി. ക്ഷണിക്കപ്പെട്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് റെകോർഡ് ചിത്രം പൂർത്തീകരിച്ചത്. പസിലിലെ അവസാന ചിത്രഭാഗം ഇവർ ചേർന്നാണ് ഉൾക്കൊള്ളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.