ദുബൈ: യു.എ.ഇ സാങ്കേതിക വകുപ്പ് സഹമന്ത്രി സാറ അൽ അമീരി ടൈംസ് മാഗസിന്റെ 100 ഇംപാക്ട് അവാർഡ് പട്ടികയിൽ. ലോകത്തിന്റെ ഭാവി രൂപപ്പെടുത്താനും മാറ്റങ്ങൾ കൊണ്ടുവരാനും അസാധാരണമായ പ്രവർത്തനങ്ങൾ നടത്തിയവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറബ് ലോകത്തിന്റെ ആദ്യ ചൊവ്വ ദൗത്യമായ ഹോപ് പ്രോബിന് ചുക്കാൻ പിടിച്ചത് സാറ അൽ അമീരിയായിരുന്നു.
ആരോഗ്യ, രാഷ്ട്രീയ, വിനോദ, ബിസിനസ് മേഖലകളിൽ ഭാവികാലത്തെ സ്വാധീനിക്കുന്ന വ്യക്തികളാണ് പട്ടികയിലുള്ളത്. നേരത്തേ ബി.ബി.സി തയാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും സാറയെ ഉൾപ്പെടുത്തിയിരുന്നു. അഞ്ച് വർഷം മുമ്പ് വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 50 യുവ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലും സാറയുണ്ടായിരുന്നു.
അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച 'ഫാൽക്കൺ ഐ 2' എന്ന നിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ യു.എ.ഇ തൊടുത്തുവിട്ട 12ൽപരം ഉപഗ്രഹങ്ങൾക്ക് പിന്നിൽ സാറയുടെ കൈയുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് സാറ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിന്റെ ചുമതലക്കാരിയായി നിയമിതയായത്. യു.എ.ഇയുടെ ആദ്യ കൃത്രിമോപഗ്രഹ ദൗത്യത്തിന്റെ ചുമതലയും സാറക്കായിരുന്നു. 2016ല്‍ സാറ എമിറേറ്റ്സ് സയന്‍സ് കൗണ്‍സിലിന്റെ തലപ്പത്ത് എത്തി. തൊട്ടടുത്ത വര്‍ഷം അഡ്വാന്‍സ്ഡ് സയന്‍സ് വകുപ്പിന്റെ മന്ത്രി എന്ന പദവിയിലുമെത്തി. യു.എ.ഇയുടെ ചാന്ദ്രദൗത്യത്തിന്റെ ചുമതലയും സാറക്കാണ്.
പട്ടികയിൽ ഉൾപ്പെട്ട സാറക്ക് അഭിനന്ദനവുമായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രംഗത്തെത്തി. 'ഇമാറാത്തിന്റെ പുത്രി, എന്റെ മകൾ' എന്ന് അഭിസംബോധന ചെയ്താണ് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തത്. ദേശീയതലത്തിലും ആഗോളതലത്തിലും വിശിഷ്ടമായ നേട്ടങ്ങൾ കൈവരിക്കുന്ന നമ്മുടെ യുവതീ യുവാക്കൾ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.