തൊഴിലാളികൾക്ക്​ ദുബൈ പൊലീസ്​ വിതരണം ചെയ്ത കുടകൾ

ചൂടിൽ സുരക്ഷ;​ തൊഴിലാളികൾക്ക്​ കുടകൾ നൽകി ദുബൈ പൊലീസ്​

ദുബൈ: നഗരത്തിൽ ചൂട്​ കനക്കുന്നതിനിടെ തൊഴിലാളികൾക്ക്​ കുട വിതരണം ചെയ്ത്​ ദുബൈ പൊലീസ്​. ജോലി സ്ഥലങ്ങളിൽ വെയിലിൽ നടക്കേണ്ടി വരുമ്പോൾ ചൂടേൽക്കാതിരിക്കാനാണ്​ 250ലേറെ തൊഴിലാളികൾക്ക്​ കുട വിതരണം ചെയ്തത്​. വേനൽക്കാലത്ത്​ തൊഴിലാളികൾക്ക്​ വേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് കുട വിതരണം ചെയ്തത്​. ​കനത്ത വേനലിൽ സൂക്ഷിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും അധികൃതർ തൊഴിലാളികൾക്ക്​ വിശദീകരിച്ചു.

‘ഷേഡ്​ ആൻഡ്​ റിവാർഡ്​’ എന്ന തലക്കെട്ടിൽ ദുബൈ പൊലീസ്​ ഒരുക്കുന്ന സാമൂഹിക ക്ഷേമ സംരംഭത്തിന്‍റെ ഭാഗമായാണ്​ പദ്ധതി നടപ്പിലാക്കിയത്​. അൽ റിഫ പൊലീസ്​ സ്​റ്റേഷൻ, മാനുഷ്യാവകാശ വകുപ്പ്​, താങ്ക്​യ്യൂ ഫോർ യുവർ ഗിവിങ്​ വളണ്ടിയർ ടീം എന്നിവയുമായി ചേർന്നാണ്​ അൽ ഷിന്ദഗ മേഖലയിൽ സംരംഭം നടപ്പിലാക്കിയത്​. കനത്ത ചൂടിൽ ജോലി ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് തൊഴിലാളികൾക്കിടയിൽ അവബോധം വളർത്തുക, ചൂട് കുറക്കുന്നതിനുള്ള പ്രായോഗിക ഉപകരണങ്ങൾ നൽകുക എന്നിവയാണ് സംരംഭത്തിന്റെ ലക്ഷ്യം. കഴിഞ്ഞ മാസം അൽ ഇയാസ് പൊലീസ് പോയിന്റിൽ നടന്ന പരിപാടി 300 തൊഴിലാളികൾക്ക് പ്രയോജനപ്പെട്ടിരുന്നു. വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എ.ഇ പതിവായി വിവിധ കാമ്പയ്‌നുകൾ നടത്താറുണ്ട്. ജൂണിൽ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം മൂന്ന് മാസം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾക്ക് ഉച്ച സമയങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്​.



Tags:    
News Summary - Safety in the heat; Dubai Police provides umbrellas to workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.