അൽ ബദീഅ് കൊട്ടാരത്തിൽ പെരുന്നാൾ ആശംസകൾ സ്വീകരിക്കുന്ന ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ദുബൈ: ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിൽ സുരക്ഷിതവും സമാധാനപരവുമായി യു.എ.ഇയിലെ സ്വദേശികളും പ്രവാസികളും ഈദുൽഫിത്ർ ആഘോഷിച്ചു. സുരക്ഷാ കാരണങ്ങളാൽ ഈദ്ഗാഹുകൾ ഒഴിവാക്കി പള്ളികളിൽ മാത്രമായിരുന്നു പെരുന്നാൾ നമസ്കാരം. അതിനാൽ തന്നെ മിക്ക പള്ളികളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ആശങ്കകൾ സ്രഷ്ടാവിൽ അർപ്പിച്ച് ഭയപ്പെടാതെ ശുഭപ്രതീക്ഷളോടെ മുന്നേറാൻ ഇമാമുമാർ ഖുത്ബയിൽ ഉണർത്തി.
രാജ്യത്തെ നയിക്കുന്ന ഭരണാധികാരികൾക്കും സുരക്ഷയൊരുക്കുന്ന സൈന്യത്തിനും വേണ്ടി വിശ്വാസികൾ പ്രാർഥിക്കുകയും ചെയ്തു. ഈദുൽ ഫിത്ർ ദിനത്തിൽ ഭരണാധികാരികൾ ആശംസകളും പ്രാർഥനകളും ശുഭപ്രതീക്ഷയുടെ സന്ദേശങ്ങളും പങ്കുവെച്ചു. ഈദ് ആശംസകൾ നേർന്ന യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, മേഖലയിലെ നിലവിലുള്ള വെല്ലുവിളികളെ അതിജീവിക്കുമെന്ന് ആത്മവിശ്വാസം പങ്കുവെച്ചു.
ജനങ്ങളുടെ ശക്തിയും സഹനവും വിശ്വാസവും ഐക്യവും അടിത്തറയാക്കി യു.എ.ഇ സമാധാനപരവും സമൃദ്ധവുമായ ഭാവിയിലേക്കു മുന്നേറിക്കൊണ്ടിരിക്കും -അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു. സുപ്രീം കൗൺസിൽ അംഗങ്ങളുമായും എമിറേറ്റുകളിലെ ഭരണാധികാരികളുമായും ഫോണിൽ സംസാരിച്ച് അദ്ദേഹം ആശംസകൾ കൈമാറി.
രാജ്യത്തിന്റെ ഐക്യവും സ്ഥിരതയും നിലനിര്‍ത്തി സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയില്‍ യു.എ.ഇ മുന്നേറുമെന്ന് നേതാക്കള്‍ സംഭാഷണത്തിൽ ആവർത്തിച്ച് വ്യക്തമാക്കി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും എക്സ് അക്കൗണ്ട് വഴി ആശംസകൾ അറിയിച്ചു.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അൽ ബദീഅ് കൊട്ടാരത്തിൽ പെരുന്നാൾ ആശംസകളുമായി എത്തിയവരെ സ്വീകരിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിനോദ കേന്ദ്രങ്ങളിലും മാളുകളിലും നിരവധിപേരാണ് ആഘോഷ ദിവസങ്ങളിൽ എത്തിച്ചേർന്നത്. എല്ലായിടത്തും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ സന്നാഹങ്ങളും അധികൃതർ ഒരുക്കിയിരുന്നു. ദുബൈയിൽ 677 സുരക്ഷ പട്രോളിങ് വാഹനങ്ങളും 208സിവിൽ ഡിഫൻസ് വാഹനങ്ങളും സുരക്ഷയൊരുക്കാനായി സജ്ജമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.