ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) യുടെ കോർപറേറ്റ് വെർച്വൽ അസിസ്റ്റൻറായ ‘മഹ്ബൂബ്’ വഴിയുള്ള സേവനങ്ങളും സംരംഭങ്ങളും നവീകരിച്ചു. വ്യത്യസ്ത ഉപഭോക്ത വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നവീകരണം നടപ്പിലാക്കിയത്. ഏറ്റവും എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. ആർ.ടി.എയുടെ ഡിജിറ്റൽ സ്ട്രാറ്റജി 2030മായി യോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആർ.ടി.എയുടെ വെബ്സൈറ്റ്, സ്മാർട് ആപ്ലിക്കേഷൻ, വാട്സാപ്പ് എന്നിവയിൽ ലഭ്യമായ ‘മെഹ്ബൂബ്’ ഇതിനകം 2.7 കോടി സംഭാഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അതോടൊപ്പം എട്ട് ലക്ഷം ഇടപാടുകളും നടത്തിയിട്ടുണ്ട്. ഡ്രൈവർ, വാഹന ലൈസൻസിങ് പ്രക്രിയ മെച്ചപ്പെടുത്തുകയും സംയോജിപ്പിക്കുകയും ചെയ്യൽ, യു.എ.ഇ പാസ് ഉപയോഗിച്ച് മിനുറ്റുകൾക്കകം ഇടപാടുകൾ പൂർത്തിയാക്കാനുള്ള സംവിധാനം എന്നിവ നവീകരിച്ച സേവനങ്ങളിൽ ഉൾപ്പെടും.
ഇടപാടുകൾക്ക് നേരിട്ട് എത്തിച്ചേരേണ്ട സാഹചര്യം ഒഴിവാക്കുകയും ഡിജിറ്റൽ ചാനലുകളെ ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനങ്ങൾ. നിലവിൽ ‘മഹ്ബൂബ്’ സംവിധാനത്തിൽ 330 വ്യത്യസ്ത സേവനങ്ങൾ ലഭ്യമാണ്. പിഴ അടക്കൽ, നോൾ കാർഡ് ടോപ്അപ്പ്, അപ്പോയ്ൻറ്മെൻറ് ബുക്കിങ് എന്നിവയടക്കം ഇതിലുൾപ്പെടും. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. 2018ൽ പുറത്തിറക്കിയ സേവനം കഴിഞ്ഞ വർഷങ്ങളിൽ ഉപഭോക്താക്കൾക്ക് വളരെ ഉപകാരപ്രദമായ വെർച്വൽ അസിസ്റ്റൻറ് പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് ജനറേറ്റീവ് എ.ഐയുമായി ബന്ധിപ്പിച്ച് കൂടുതൽ നൂതനമായ രീതിയിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.