ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ (മധ്യത്തിൽ) വാർത്തസമ്മേളനത്തിൽ

‘റെയിൽ‌എക്‌സ് ദുബൈ’ പ്രഖ്യാപനം നടത്തുന്നു

‘റെയിൽ‌എക്‌സ് ദുബൈ’ രാജ്യാന്തര കോൺഫറൻസും എക്‌സിബിഷനുമായി ആർ.ടി.എ

ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി.‌എ) ‘റെയിൽ‌എക്‌സ് ദുബൈ’ രാജ്യാന്തര കോൺഫറൻസും എക്‌സിബിഷനും സംഘടിപ്പിക്കുന്നു. 2027 മേയ് 31 മുതൽ ജൂൺ രണ്ടു വരെ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലാണ് പരിപാടി നടക്കുക. ‘റെയിൽവേയുടെയും ഗതാഗതത്തിന്‍റെയും ഭാവി നിർമിതി’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര സംഗമത്തിൽ 5,000ത്തിലധികം പ്രതിനിധികളും 60-ലധികം പ്രദർശകരും 70ലധികം പ്രഭാഷകരും പങ്കെടുക്കും. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിലാണ്​ പരിപാടി.

ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ വാർത്താ സമ്മേളനത്തിലാണ് കോൺഫറൻസിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ റെയിൽവേ രംഗത്തെ പ്രമുഖ രാജ്യങ്ങളുടെ അനുഭവങ്ങളും സാങ്കേതികവിദ്യകളും പങ്കുവെക്കും. ദുബൈ മെട്രോ, ദുബൈ ട്രാം, ഡ്രൈവർരഹിത വാഹനങ്ങൾ, എയറിയൽ ടാക്സി തുടങ്ങിയ പദ്ധതികളിലൂടെ മേഖലയിൽ ഉണ്ടാക്കിയ മുന്നേറ്റത്തിന്‍റെ തുടർച്ചയാണ് ഈ പ്രഥമ അന്താരാഷ്ട്ര സംരംഭം.

ദുബൈയിലെ പൊതുഗതാഗത ഉപയോഗത്തിന്‍റെ 40 ശതമാനവും നിർവഹിക്കുന്ന ദുബൈ മെട്രോയിൽ 2009 മുതൽ ഇതുവരെ 300 കോടിയോളം പേരാണ് യാത്ര ചെയ്തതെന്ന് മതാർ അൽ തായർ പറഞ്ഞു. നിലവിൽ പുരോഗമിക്കുന്ന മെട്രോ ബ്ലൂ ലൈൻ പദ്ധതിക്കും ഈ വർഷം അവസാനം ടെൻഡർ വിളിക്കുന്ന ഗോൾഡ് ലൈൻ പദ്ധതിക്കുമായി ഏകദേശം 5,500 കോടി ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ ദുബൈ മെട്രോ ശൃംഖല 90 കിലോമീറ്ററിൽ നിന്ന് 162 കിലോമീറ്ററായി ഉയരും.

റീച്ച്, അഡ്വാൻസ്, ഇൻവെസ്റ്റ്, ലിങ്ക്, എക്സ്പീരിയൻസ് എന്നിങ്ങനെ അഞ്ച് പ്രധാന പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുന്നത്. എ.ഐ, ഓട്ടോമേഷൻ, അന്താരാഷ്ട്ര സാമ്പത്തിക ഇടനാഴികൾ, പൊതു-സ്വകാര്യ പങ്കാളിത്ത നിക്ഷേപങ്ങൾ, യാത്രാ-ചരക്ക് ഗതാഗതത്തിന്റെ സംയോജനം തുടങ്ങി ഭാവി റെയിൽവേ മേഖലയെ രൂപപ്പെടുത്തുന്ന സമഗ്രമായ വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.

രണ്ട് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോപാത: സാധ്യതാപഠനം തുടങ്ങി

ദുബൈയിൽ രണ്ട് വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രത്യേക മെട്രോപാത സംബന്ധിച്ച സാധ്യതാപഠനം ആരംഭിച്ചതായി ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ചോദ്യത്തിന്​ മറുപടിയായാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും ജബൽഅലിയിലെ മക്തൂം വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന മെട്രോപാത സംബന്ധിച്ചാണ് പഠനം നടക്കുന്നത്. വിമാനത്താവള അതോറിറ്റികളുമായി സഹകരിച്ചാണ് പഠനം നടക്കുന്നതെന്ന് ആർ.ടിഎ ചെയർമാൻ പറഞ്ഞു.



 

Tags:    
News Summary - RTA to Host RailX Dubai International Conference and Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.