ദുബൈ: ദുബൈ മെട്രോ സ്റ്റേഷനുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയുടെ രണ്ടാംഘട്ടം പൂർത്തിയായി. വിവിധ സ്റ്റേഷനുകളിലായി രണ്ടാം ഘട്ടത്തിൽ 12,768 എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇമാറാത്തുൽ യൗമ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2030ഓടെ മെട്രോ സ്റ്റേഷനുകളുടെ ഊർജ ഉപയോഗത്തിൽ 30 ശതമാനം കുറവുവരുത്താൻ ലക്ഷ്യമിടുന്നതാണ് പദ്ധതി.
ഊർജ സംരക്ഷണ പദ്ധതികൾ അതോറിറ്റിയുടെ സുസ്ഥിരത മുന്നേറ്റത്തിന്റെ പ്രധാന ഭാഗമാണെന്ന് ആർ.ടി.എയുടെ കോർപറേറ്റ് സ്ട്രാറ്റജി ആൻഡ് ഗവേണൻസ് സെക്ടർ സി.ഇ.ഒ മുന്ന അൽ ഉസൈമി പറഞ്ഞു. 2021ൽ ആണ് പദ്ധതിയുടെ തുടക്കം.
രണ്ട് ഘട്ടങ്ങളിലൂടെ റെഡ്, ഗ്രീൻ ലൈനുകളിൽ ആകെ 19,968 എൽ.ഇ.ഡി ബൾബുകളാണ് സ്ഥാപിച്ചത്. ബൾബുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്നത് വഴി രണ്ട് വർഷത്തിനുള്ളിൽ 16.7 ദശലക്ഷം കിലോവാട്ട് അവേഴ്സ് വൈദ്യുതി ലാഭിക്കാനാവും. ഏതാണ്ട് 76 ലക്ഷം ദിർഹമിന്റെ ചെലവ് ചുരുക്കലാണ് ഇതുവഴി സാധ്യമാകുക. കൂടാതെ കാർബൺ ബഹിർഗമനവും കുറക്കാനാവും. എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഏകദേശം 95 ശതമാനവും പ്രകാശമാക്കി മാറ്റുന്നുവെന്നും താപമായി അഞ്ചു ശതമാനം മാത്രമേ നഷ്ടപ്പെടുന്നുള്ളൂവെന്നും അൽ ഉസൈമി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 72,00 എൽ.ഇ.ഡി ബൾബുകളാണ് സ്ഥാപിച്ചത്. ഒറ്റ വർഷം കൊണ്ട് 49.8 ലക്ഷം കിലോവാട്ട് അവർ വൈവദ്യുതി ഇതുവഴി ലാഭിക്കാനായി. കൂടാതെ 2,142 ടൺ കാർബൺ പുറന്തള്ളലും ഇല്ലാതാക്കി.
രണ്ടാം ഘട്ടത്തിൽ സമാനമായി 49.8 ലക്ഷം കിലോവാട്ട് അവർ വൈദ്യുതി ലാഭിക്കുകയും 5,141 ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കാനും കഴിഞ്ഞു.
പുനരുപയോഗ ഊർജ ഉപയോഗിക്കുന്നതിന്റെ ഭാഗമായി നേരത്തേ അൽ ഖൂസ്, അൽ ഖവാനീജ്, അൽ റുവയ്യ ഡിപ്പോകൾ, അൽ സത്വ, ഊദ് മേത്ത ബസ് സ്റ്റേഷനുകൾ, അൽ മുഹൈസിനയിലെ മെട്രോ ഡിപ്പോകൾ, വർക്ഷോപ്പുകൾ എന്നിവ ഉൾപ്പെടെ 22 സ്ഥാപനങ്ങളിൽ ആർ.ടി.എ സോളാർ പാനലുകൾ സ്ഥാപിച്ചിരുന്നു.
പ്രതിവർഷം 32 ദശലക്ഷം കിലോവാട്ട് അവേഴ്സ് വൈദ്യുതിയാണ് ഈ സോളാർ പാനലുകൾ ഉൽപാദിപ്പിക്കുക. അതോടൊപ്പം ഓരോ വർഷവും 10,000 ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ തടയാനും സാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.