ഏഴാം വയസിൽ ഒരു കുട്ടിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും ?. ജെംസ് മില്ലേനിയം സ്കൂളിലെ നാലാം ഗ്രേഡ് വിദ്യാർഥിനി നിലീന മറിയം ജോനേഷിനോടാണ് ചോദ്യമെങ്കിൽ ഉത്തരം നീളും. 'പഠനം, നൃത്തം, സംഗീതം, ചാരിറ്റി, പരിസ്ഥിതി പ്രവർത്തനം, നീന്തൽ...'. അങ്ങിനെ നീണ്ടുപോകും നിലീനയുടെ പട്ടിക. ദുബൈ ഉപഭരണാധികാരിയായിരുന്ന ശൈഖ് ഹംദാൻ ഏർപെടുത്തിയ ശൈഖ് ഹംദാൻ പുരസ്കാരത്തിന് ഈ വർഷം അർഹയായ ഏക മലയാളി കുട്ടി. 30000 ദിർഹമിെൻറ (ആറ് ലക്ഷം രൂപ) പുരസ്കാരം വൈകാതെ ഏറ്റുവാങ്ങാമെന്ന ത്രില്ലിലാണ് പാലാ രാമപുരം കൂട്ടക്കല്ലിൽ ജോനേഷ് ജോസഫിെൻറയും -വർഷയുടെയും മകൾ നിലീന.
കടമ്പകൾ ഒരുപാട് കടന്നാണ് നിലീനയുടെ സ്വപ്ന നേട്ടം. വിവിധ മേഖലകളിൽ മൂന്ന് വർഷത്തെ പ്രകടനമാണ് അവാർഡിനുള്ള അടിസ്ഥാനം. കുഞ്ഞുനാൾ മുതൽ അവളുടെ വൈഭവങ്ങൾ തിരിച്ചറിഞ്ഞ മാതാപിതാക്കളാണ് നിലീനയിലെ പ്രതിഭയെ വളർത്തിയെടുത്തത്. നൃത്തത്തിൽ ഭരതനാട്യമാണ് മുഖ്യം. മറ്റ് രാജ്യങ്ങളിലെ കുട്ടികൾ മാറ്റുരച്ച രാജ്യാന്തര മത്സരങ്ങളിൽ പോലും നിലീന ഒന്നാമെതത്തി. സ്പെൽ ബി സെപ്ല്ലിങ് കോമ്പറ്റീഷനിൽ ഇൻറർകോണ്ടിനൻറലിൽ ഒന്നാം സ്ഥാനം. സ്കൂളിൽ മൂന്ന് വർഷമായി ടോപ്പറാണ്. കർണാടക സംഗീതം അഭ്യസിക്കുന്നുണ്ട്. നിലീനയുടെ കവിതകൾ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിൽ അച്ചടി മഷി പുരണ്ടിട്ടുണ്ട്.
ചെറുപ്രായത്തിൽതന്നെ പരിസ്ഥിതി, ജീവകാരുണ്യ പ്രവർത്തക കൂടിയാണ് ഈ കൊച്ചുമിടുക്കി. ബീഹ നടത്തുന്ന എൻവയോൺമെൻറൽ എക്സലൻസ് സ്കൂൾ അവാർഡിൽ പങ്കെടുക്കാറുണ്ട്. ദുബൈ മുനിസിപ്പാലിറ്റി, ഷാർജ മുനിസിപ്പാലിറ്റി എന്നിവയുടെ പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ സജീവമാണ്. ബീച്ച് ശുചീകരണം, ഓർഗാനിക് ഫാമിങ് പോലുള്ളവയിലെ താൽപര്യവും ശൈഖ് ഹംദാൻ അവാർഡിന് പരിഗണിക്കാൻ കാരണമായി.
ശുചീകരണ തൊഴിലാളികളുടെ കൂടെ ഒരു മണിക്കൂർ ചെലവഴിക്കുന്ന പരിപാടിയിലും നിലീന സാന്നിധ്യമറിയിച്ചു. നീന്തലിലും നിലീന ചെറിയൊരു താരമാണ്. സ്കൂളിൽ രണ്ടാം ഭാഷയായി തെരഞ്ഞെടുത്തിരിക്കുന്നത് ഫ്രഞ്ചാണ്. ഈ വർഷം യു.എ.ഇയിലെ 'യെല്ലാ സ്കൂൾ റൈസിങ് സ്റ്റാർ' പുരസ്കാരവും നിലീനക്കായിരുന്നു.
കുഞ്ഞു ജീവകാരുണ്യ പ്രവർത്തക
വളർന്നുവരുന്ന ജീവകാരുണ്യ പ്രവർത്തക കൂടിയാണ് നിലീന. റമദാൻ മാസത്തിൽ മാതാപിതാക്കളോടൊപ്പം ലേബർ കാമ്പുകളിൽ ഭക്ഷണപൊതി വിതരണത്തിനും ഇറങ്ങി. ഓട്ടിസമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടു വരുന്ന പദ്ധതിയിലും സജീവമാണ്. ഷാർജ ഭരണാധികാരിയുടെ ഭാര്യ ശൈഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി മുൻകൈയെടുത്ത് നടത്തുന്ന ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യൻറിെൻറ ഭാഗമായി, അർബുദം ബാധിച്ച കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ എത്തിച്ചുകൊടുക്കാനും നിലീനയുണ്ട്. ഇവിടെയുള്ള കുട്ടികൾക്കായി മുടി മുറിച്ചു നൽകിയിരുന്നു. ബർത്ഡേ പാർട്ടി നടത്താൻ വെച്ച തുക ചികിത്സാനിധിയിലേക്ക് സംഭാവന നൽകിയും നിശ്ചയദാർഡ്യ വിഭാഗത്തിൽപെട്ട കുട്ടികളുടെ മാനസീകോൻമേഷത്തിനായി ഡാൻസും പാട്ടും അവതരിപ്പിച്ചും അവരോട് ചേർന്ന് നിൽക്കുകയാണ് നിലീന.
ശൈഖ് ഹംദാൻ അവാർഡിലേക്ക്
വിവിധ മേഖലകളിലെ കഴിവുകൾ അടിസ്ഥാനമാക്കി നൂറുകണക്കിന് വിദ്യാർഥികളിൽ നിന്നാണ് നിലീന ഉൾപെടെയുള്ള ഒമ്പത് കുട്ടികളെ അവാർഡിന് തെരഞ്ഞെടുത്തത്. റിപ്പോർട്ടിൽ നൽകിയ കാര്യങ്ങളെല്ലാം സത്യാമണോ എന്നറിയാൻ കുട്ടിയുമായി നേരിൽ കൂടികാഴ്ച നടത്തിയ ശേഷമാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ഗ്രേഡ് മൂന്ന് മുതൽ അഞ്ച് വരെയുള്ള കാറ്റഗറിയിലായിരുന്നു നിലീന.
കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനം പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. റമദാൻ കഴിഞ്ഞ് വിർച്വൽ പ്രോഗ്രാമിലൂടെ അവാർഡ് കൈമാറുമെന്നാണ് കരുതുന്നത്. അനുജൻ നിവിനും മോശമല്ല. 200ൽ പരം വാക്കുകൾ ഓർത്തെടുത്ത് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചിരുന്നു. ജെംസ് മില്ലേനിയം സ്കൂളിൽ കെ.ജി. വണിലാണ് നിവിനും പഠിക്കുന്നത്. ഷാർജ അൽ നാദയിൽ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.