ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് വാടക കാറുകൾ

സേവനം ആദ്യഘട്ടത്തിൽ അബൂദബി, ഫുജൈറ സ്റ്റേഷനുകളിൽ

അബൂദബി: ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ കുറഞ്ഞ നിരക്കിൽ വാടക കാറുകൾ ലഭ്യമാക്കുന്നു. പ്രതിദിനം 80 ദിർഹം മുതൽ 200 ദിർഹം വരെയുള്ള നിരക്കിൽ കാറുകൾ വാടകയ്‌ക്കെടുക്കാം. അബൂദബി, ഫുജൈറ റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. 'റെയിൽ ടു റോഡ്' എന്ന പേരിൽ ത്രിഫ്റ്റി കാർ റെന്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

യാത്രക്കാർക്ക് മുൻകൂട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടതില്ല എന്നതും സൗജന്യ ഇന്ധനം ഉൾപ്പെടുന്നു എന്നതുമാണ് പദ്ധതിയുടെ പ്രധാന സവിശേഷത. അടിസ്ഥാന പാക്കേജിൽ 60 കിലോമീറ്റർ വരെയുള്ള യാത്രയും സൗജന്യ ഇന്ധനവും ഉൾപ്പെടും. കൂടുതൽ ദൂരം സഞ്ചരിക്കണമെങ്കിൽ അധിക തുക നൽകണം. റെയിൽവേ സമയക്രമത്തിന് പുറമെ 24 മണിക്കൂർ അടിസ്ഥാനത്തിലാണ് വാടക സമയപരിധി കണക്കാക്കുന്നത്.

മൂന്ന് കാറ്റഗറികൾ

എസൻഷ്യൽ, കംഫർട്ട്, സ്ട്രെച്ച് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.

എസൻഷ്യൽ: ടൊയോട്ട യാരിസ്, ബലേനോ, ഹ്യുണ്ടായ് ആക്‌സന്റ് തുടങ്ങിയ ഹാച്ച്ബാക്ക്, ചെറിയ സെഡാൻ കാറുകൾ.

കംഫർട്ട്: മാസ്ദ സി എക്സ്-3, ഹ്യുണ്ടായ് ക്രെറ്റ, മാസ്ദ 6 തുടങ്ങിയ വലിയ സെഡാൻ, കോംപാക്ട് എസ്. യു.വി കാറുകൾ.

സ്ട്രെച്ച്: ഔഡി എ3, മാസ്ദ സി എക്സ് -90, ജീപ്പ് ചെറോക്കി, നിസ്സാൻ പട്രോൾ, ജീപ്പ് റാംഗ്ലർ തുടങ്ങിയ പ്രീമിയം ലക്ഷറി വാഹനങ്ങൾ.

ബുക്കിങ് ലളിതം; വാക്ക്-ഇൻ സൗകര്യവും

റെയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം തന്നെ ത്രിഫ്റ്റിയുടെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ കാറുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് സ്റ്റേഷനിൽ നേരിട്ടെത്തിയും (വാക് - ഇൻ ) കാറുകൾ വാടകയ്ക്കെടുക്കാം. ഇതിനായി സ്റ്റേഷനുകളിൽ ഡിജിറ്റൽ കിയോസ്കുകളും സഹായ കേന്ദ്രങ്ങളും സജ്ജീകരിക്കും.

വാഹനം എടുത്ത സ്റ്റേഷനിൽ തന്നെ തിരിച്ചേൽപിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളതെങ്കിലും, ചെറിയ അധിക തുക നൽകി ത്രിഫ്റ്റിയുടെ യു.എ.ഇയിലുള്ള മറ്റേതൊരു ഔട്ട്‌ലെറ്റിലും വാഹനം തിരിച്ചേൽപിക്കാൻ സൗകര്യമുണ്ട്.

ഇത്തിഹാദ് റെയിലുമായി ചേർന്ന് അഞ്ച് വർഷത്തേക്ക് നടപ്പാക്കുന്ന പദ്ധതിക്കായി ഒരു കോടി ദിർഹമിലധികമാണ് ത്രിഫ്റ്റി നിക്ഷേപിക്കുന്നത്. ആദ്യഘട്ടത്തിൽ 500 വാഹനങ്ങളാണ് സർവീസിനായി ഇറക്കുന്നത്. റെയിൽവേ ശൃംഖല വികസിക്കുന്നതിനനുസരിച്ച് കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Rental Cars for Etihad Rail Passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.