ലി​യാ​ഖ​ത്ത് ഭാ​യി

എടപ്പാളിന്‍റെ ഭായിക്ക് പ്രവാസിനാട്ടുകാരുടെ യാത്രാമൊഴി

ദുബൈ: കഴിഞ്ഞദിവസം അന്തരിച്ച എടപ്പാൾ ചക്കംപുള്ളി ലിയാഖത്ത് ഭായിക്ക് (68) പ്രവാസലോകത്തിന്‍റെ യാത്രാമൊഴി. ഇടക്കാലത്ത് ദുബൈയിലെ മാധ്യമപ്രവർത്തന രംഗത്തും സജീവമായിരുന്ന ഭായിക്ക് പ്രവാസലോകത്തും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഉയർന്നുകേട്ടത് ഭായിയുടെ സ്നേഹവും സൗഹൃദകഥകളുമാണ്. സൗഹൃദങ്ങൾകൊണ്ട് സമ്പന്നമായ ജീവിതമായിരുന്നു ഭായിയുടേതെന്ന് വിളിച്ചോതുന്നതായി അനുസ്മരണം.

എടപ്പാളിൽ ഇത്രയും പൊതുസമ്മതനായ മറ്റൊരാൾ ജീവിച്ചിരുന്നില്ല എന്ന് റഫീഖ് എടപ്പാൾ അഭിപ്രായപ്പെട്ടു. എടപ്പാളിന്‍റെ സാംസ്‌കാരിക ഇടങ്ങളിലൊക്കെയും ഭായി തന്‍റെ ഇടപെടൽകൊണ്ട് സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് സുമേഷ് ഐശ്വര്യ പറഞ്ഞു. യാസ്‌പോയുടെ പ്രവർത്തനങ്ങളിൽ ഭായി കൃത്യമായ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ടെന്ന് അദ്ദേഹം ഓർത്തെടുത്തു. ഇടപഴകിയ ഓരോരുത്തർക്കും ഏറ്റവും അടുപ്പം തോന്നിയ വ്യക്തിയാണ് ഭായിയെന്ന് അഡ്വ. ഷഹീൻ ബക്കർ അനുസ്മരിച്ചു. ഞങ്ങളുടെ കുടുംബത്തിലെ ഓരോ കുട്ടിയുടെയും സുഹൃത്തായിരുന്നു ഭായി എന്ന് ഭായിയുടെ സഹോദരന്‍റെ മകൻ കൂടിയായ നിസ്തർ പറഞ്ഞു.

ഷാർജ യൂനിവേഴ്സിറ്റി ക്രിക്കറ്റ്‌ ഗ്രൗണ്ടിൽനിന്ന് ഗൾഫ് ഗേറ്റ് ടീം അംഗങ്ങളും ഓൺലൈൻ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു. തങ്ങളുടെ ടീം കെട്ടിപ്പടുക്കുന്നതിൽ ഭായിയുടെ പങ്ക് വളരെ വലുതാണെന്ന് ക്യാപ്റ്റൻ റചിൻ പറഞ്ഞു. ഗൾഫ് ഗേറ്റിന്‍റെ ആദ്യ കിരീടനേട്ടം ഭായിയുടെ സാന്നിധ്യത്തിൽ ആവണമെന്ന് നിർബന്ധമുണ്ടായിരുന്നു. അത് സാക്ഷാത്കരിക്കാൻ ഞങ്ങൾക്കായെന്ന് റചിൻ അഭിമാനത്തോടെ ഓർത്തെടുത്തു. ഷാജി പൂക്കരത്തറ, നൗഷാദ്, ഷമീം, കെ.പി. അസീസ്, അഫ്സൽ തുടങ്ങിയവരും പങ്കെടുത്തു.

എടപ്പാളിലെ ഓരോ അനീതിക്കെതിരെയും തർക്കിച്ചുകൊണ്ടിരിക്കുകയായിരുന്നു ഭായി എന്ന് നൗഷാദ് കല്ലംപുള്ളി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും ഇടപെടലുകളിലൂടെയും അത് നിരന്തരം നമുക്ക് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയസമയത്ത് ഇടപ്പാളയത്തിന്‍റെ പ്രവർത്തനങ്ങളിൽ സജീവമായ ഭായിയോടൊപ്പമുള്ള അനുഭവങ്ങൾ സി.വി. ഷറഫ് പങ്കുവെച്ചു.

എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിന്‍റെയും ഗ്രൗണ്ടിന്‍റെയും വിഷയങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്ന ഭായി ഇതിനെക്കുറിച്ച് എപ്പോഴും സംസാരിച്ചിരുന്നതായി തൽഹത് ഫോറം അനുസ്മരിച്ചു. കോളജ് നടത്തിയിരുന്ന കാലത്തെ ഓർമകളാണ് സുരേഷ് മാഷ് പങ്കുവെച്ചത്. എന്തൊരു പ്രശ്നം ഉണ്ടായാലും ആദ്യം വിളിച്ചിരുന്നത് ഭായിയെയാണ്. കുട്ടികൾക്ക് ക്ലാസ് എടുക്കാനും കോളജിന്‍റെ കലാപരിപാടികളിലും ഭായി ഉണ്ടായിട്ടുണ്ട്. ദുബൈയിൽ ഖലീജ് ടൈംസിൽ പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് തന്‍റെ മാധ്യമപ്രവർത്തനത്തിന് വലിയ ഊർജം പകർന്നിട്ടുണ്ടെന്നും മാഷ് കൂട്ടിച്ചേർത്തു.

ഇടപ്പാളയം ഗ്ലോബൽ സെക്രട്ടറി മോഹൻദാസ് കുവൈത്ത്, പി.എസ്. നൗഷാദ്, അബൂബക്കർ മാങ്ങാട്ടൂർ, ടി.വി. സജിൻ, ഉദയകുമാർ തലമുണ്ട, ഫസലുറഹ്മാൻ, പി.വി. ജാഫർ, റഹീം തണ്ടിലം, റാഫി മറവഞ്ചേരി, സി.വി. ശിഹാബ്, സി. ജംഷീർ, ഡോ. ബിസ്‌നി ഫഹദ്മോൻ, ഫസലുറഹ്മാൻ, ഹബീബ് റഹ്മാൻ കോലക്കാട്ട്, ഷബീർ ഓൾഡ് ബ്ലോക്ക് എന്നിവരും സംസാരിച്ചു.

Tags:    
News Summary - Remembrance of Liyakath Bhai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.