മൈത്രീം ഭജത: ശ്രദ്ധേയമായി സംഗീത-നൃത്ത ദൃശ്യാവിഷ്കാരം

ദുബൈ: ലോകം യുദ്ധത്തിന്‍റെയും വിഭജനങ്ങളുടെയും ആശങ്കകളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിൽ സമാധാനത്തിന്‍റെയും മാനവിക ഐക്യത്തിന്‍റെയും ശക്തമായ സന്ദേശവുമായി ഗ്ലോബൽ ഇന്ത്യൻ പെർഫോമിങ് ആർട്സ് ആൻഡ് മ്യൂസിക് സൊസൈറ്റി (ജി.ഐ.പി.എ.എം.എസ്) ഇന്ത്യൻ പീപ്പിൾസ് ഫോറം യു.എ.ഇ (ഐ.പി.എഫ്-യു.എ.ഇ) യുമായി സഹകരിച്ച് അവതരിപ്പിച്ച സംഗീത-നൃത്ത ദൃശ്യാവിഷ്കാരം ‘മൈത്രീം ഭജത’ അരങ്ങേറ്റം കുറിച്ചു.

കാഞ്ചി പരമാചാര്യരുടെ അമര സന്ദേശമായ ഈ ശാന്തിഗാനം, യു.എൻ വേദിയിൽ ഇന്ത്യയുടെ സംഗീത ഇതിഹാസമായ എം.എസ് സുബ്ബലക്ഷ്മി ആലപിച്ച് ലോകശ്രദ്ധ നേടിയ കൃതിയാണ്. അതേ ഗാനം യു.എ.ഇയിലെ ഇന്ത്യൻ കലാകാരൻമാർ സംഗീതവും നൃത്തവും കോർത്തിണക്കി പുതുമയാർന്ന അവതരണമായി പുനരാവിഷ്കരിച്ചിരിക്കുകയാണ്. രേണുക പരമേശ്വര ശർമമ്മ, ഐശ്വര്യ ഭരദ്വാജ് , സേതുനാഥ് വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുങ്ങിയ ഈ സംരംഭത്തിന് സംഗീത പശ്ചാത്തലം നിർവഹിച്ചത് ചന്ദു മിത്രയാണ്.

ദൃശ്യഭംഗിയോടെ ഈ അവതരണം പകർത്തിയത് വരദരാജ് കുമാർ ആണ്. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 25ഓളം നർത്തകരും ഗായകരും സംഗീതജ്ഞരും ഒരുമിച്ചുചേർന്ന കലാസമർപ്പണം, ലോക ഐക്യത്തിന്‍റെ മനോഹര പ്രതീകമായി മാറി. ‘യുദ്ധം വേണ്ട, സമാധാനം വേണം’ എന്ന സാർവലൗകിക സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ഗാനം ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. കലയുടെ ഭാഷയിലൂടെ ലോകശാന്തിക്കും മനുഷ്യസൗഹൃദത്തിനും വേണ്ടി ഉയരുന്ന ഹൃദയസ്പർശിയായ ആഹ്വാനമായി മൈത്രീം ഭജ മാറിയതായി സംഘാടകർ അറിയിച്ചു.

Tags:    
News Summary - Remarkable music and dance visuals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.