ഷാർജ: അർബുദത്തിനെതിരായ ബോധവത്കരണവുമായി 'റിലേ ഫോർ ലൈഫ്'. ശനി, ഞായർ ദിവസങ്ങളിലാണ് 2000 ഓളം പേർ അണിനിരന്ന നടത്തം സംഘടിപ്പിച്ചത്. 24 മണിക്കൂർ നീളുന്നതായിരുന്നു പരിപാടി. അർബുദ ചികിത്സക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി ഷാർജ ക്ഷിഷ പാർക്കിലാണ് നടന്നത്. അർബുദത്തെ അതിജീവിച്ച 700ഓളം പേർ പങ്കെടുത്തു. ശനിയാഴ്ച ഉച്ചക്ക് തുടങ്ങിയ പരിപാടി രാത്രിയും തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് അവസാനിച്ചത്. നടത്തം, കായിക പരിപാടികൾ, സംഗീതം, നൃത്തം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതായിരുന്നു 'റിലേ ഫോർ ലൈഫ്'. യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് (എഫ്.ഒ.സി.പി) ആണ് സംഘാടകർ.
പരിപാടിയിൽ പങ്കെടുത്തവർ ഗ്രൂപ്പുകളായി പാർക്കിന് ചുറ്റും നടന്നുകൊണ്ടിരുന്നു. 650 മീറ്റർ നീളമുള്ള ട്രാക്കിലൂടെ 24 മണിക്കൂറും നടത്തം സംഘടിപ്പിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികളും സർക്കാർ ജീവനക്കാരും അണിനിരന്നു. ഗവൺമെന്റ് റിലേഷൻസ് വിഭാഗം മേധാവി ശൈഖ് ഫാഹിം അൽ ഖാസിമിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ലോകത്തിലെ ഏറ്റവും വലിയ കാൻസർ ഫണ്ട് റെയ്സിങ് പരിപാടികളിൽ ഒന്നാണിതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
കുട്ടികളിൽ ഉൾപ്പെടെ അർബുദത്തെ കുറിച്ച് ബോധവത്കരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അർബുദ ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും ആത്മവിശ്വാസം പകരുന്നതുമായിരുന്നു പരിപാടി. മുൻകൂട്ടി തിരിച്ചറിഞ്ഞാൽ ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ് അർബുദമെന്ന് വിശദീകരിക്കുന്ന പരിപാടികളും അരങ്ങേറി. അർബുദത്തിൽ നിന്ന് മുക്തരായവരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി 'സർവൈവർ ടൂറും' സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.