ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ ദുബൈ റണിൽ
പങ്കെടുക്കുന്നവർ (ഫയൽ ചിത്രം)
ദുബൈ: 30 ദിവസം ദുബൈ നിവാസികൾക്ക് നവോന്മേഷം പകർന്ന ഫിറ്റ്നസ് ചലഞ്ചിന്റെ ആറാം എഡിഷനിൽ പങ്കെടുത്തത് 22 ലക്ഷം പേർ. മുൻകാലങ്ങളിലേതിനെ അപേക്ഷിച്ച് റെക്കോഡ് പങ്കാളിത്തമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ നടന്ന ചലഞ്ച് ഒക്ടോബർ 29ന് ആരംഭിച്ച് നവംബർ 27നാണ് സമാപിച്ചത്. 30 ദിവസം 30 മിനിറ്റ് വ്യായാമങ്ങളിൽ ഏർപ്പെട്ടാണ് ഓരോരുത്തരും ചലഞ്ചിന്റെ ഭാഗമായത്.
ഏഴാം എഡിഷൻ അടുത്ത വർഷം ഒക്ടോബർ 28 മുതൽ നവംബർ 26വരെ നടക്കുമെന്നും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരവാസികളിൽ ഫിറ്റ്നസ് അവബോധം വർധിപ്പിക്കാനും ആയിരക്കണക്കിന് പേരെ ആരോഗ്യ സംരക്ഷണവഴിയിൽ ഇറങ്ങാനും പ്രേരിപ്പിച്ചിട്ടുണ്ട് ഫിറ്റ്നസ് ചലഞ്ച്. ഓടിയും ചാടിയും സൈക്കിൾ ചവിട്ടിയും വ്യായാമം ചെയ്തും ആരോഗ്യസംരക്ഷണ സന്ദേശങ്ങൾ പകർന്നും കായികസംസ്കാരം വളർത്തിയുമാണ് ഓരോവർഷവും ചലഞ്ച് മുന്നേറിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽപോലും നിയന്ത്രണങ്ങളോടെയാണെങ്കിലും ഇതിന് മുടക്കമുണ്ടായില്ല. ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റൈഡിലും ദുബൈ റണിലും റെക്കോഡ് പങ്കാളിത്തം ഇത്തവണയുണ്ടായി. 2017ൽ നടന്ന ചലഞ്ചിന്റെ ആദ്യ എഡിഷനിൽ പങ്കെടുത്തവരുടെ എണ്ണം 7.8 ലക്ഷമായിരുന്നു. ഇതിൽനിന്ന് 180 ശതമാനത്തിന്റെ വളർച്ചയാണ് ആറാമത് എഡിഷനിലെത്തുമ്പോൾ ദൃശ്യമായിരിക്കുന്നത്.
ദുബൈ റൈഡിൽ 34,897 സൈക്കിളുകൾ നിരത്തിലിറങ്ങിയപ്പോൾ ദുബൈ റണിൽ ഓടാൻ എത്തിയത് 1.90 ലക്ഷം പേരാണ്. കേരളത്തിന്റെ സ്വന്തം ഡി.എക്സ്.ബി റൈഡേഴ്സ്, കേരള റൈഡേഴ്സ് അടക്കമുള്ള കൂട്ടായ്മകൾ സജീവമായി പങ്കെടുത്തിരുന്നു. ജോയ് ആലുക്കാസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ജീവനക്കാരുമായി ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തു. ഫുട്ബാൾ, യോഗ, ബോക്സിങ്, ക്രിക്കറ്റ്, തുഴച്ചിൽ പോലുള്ള മത്സരങ്ങൾക്കു പുറമെ വിവിധ കായികയിനങ്ങളിൽ സൗജന്യ പരിശീലനവും നടന്നിരുന്നു.
എല്ലാവർക്കും ആരോഗ്യകരമായ ഭാവി എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്ന സമൂഹമെന്ന നിലയിലെ സമർപ്പണമാണ് ചലഞ്ചിൽ ദൃശ്യമായ വൻ പങ്കാളിത്തമെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി സഈദ് ഹാരിബ് പറഞ്ഞു. ദുബൈ സമൂഹത്തിന്റെ വർധിച്ചുവരുന്ന ഫിറ്റ്നസ് അവബോധം കായിക ഉൽപന്നങ്ങളുടെ വ്യാപാരത്തിലും പ്രതിഫലിക്കുന്നുണ്ട്. സ്പോർട്സ് ഉപകരണങ്ങളുടെ ദുബൈയുടെ വിദേശ വ്യാപാരത്തിന്റെ മൂല്യം 2021ൽ 1.22 ബില്യൺ ദിർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.