വനിത ദിനാഘോഷങ്ങളുടെ ഭാഗമായി അക്കാഫ് അസോസിയേഷൻ സമൂഹത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി മാതൃകയായ വനിത അംഗങ്ങളെ ആദരിക്കുന്നു
ദുബൈ: അക്കാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി മുന്നേറുന്ന വനിതകളെ ആദരിക്കുന്നതിനോടൊപ്പം സ്ത്രീശാക്തീകരണത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന സന്ദേശങ്ങളോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അക്കാഫ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ് അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ബോർഡ് മെമ്പർമാരായ ഗിരീഷ് മേനോൻ, വിൻസന്‍റ് വലിയ വീട്ടിൽ, സി.എൽ മുനീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ സ്വാഗതവും ട്രഷറർ രാജേഷ് പിള്ള നന്ദിയും പറഞ്ഞു. സ്ത്രീകളുടെ സാമൂഹിക, വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ചടങ്ങിൽ ചർച്ച ചെയ്തു. സ്ത്രീകൾ സമൂഹത്തിന്‍റെ പുരോഗതിയിൽ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിക്കുകയും അവരുടെ കഴിവുകളും നേതൃത്വവും പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും ചർച്ചയായി.വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. സമൂഹത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി മാതൃകയായ അക്കാഫ് അസ്സോസിയേഷനിൽ അംഗങ്ങളായ വനിതകളെ ചടങ്ങിൽ ആദരിച്ചു.വിവിധ കോളജ് അലുമ്നി ഭാരവാഹികളും അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.