റാസല്‍ഖൈമ: ഒരു ദശലക്ഷം യാത്രക്കാരെന്ന ചരിത്രനേട്ടം കൈവരിച്ച് റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 1,000,303 യാത്രികരെയാണ് റാസല്‍ഖൈമ വിമാനത്താവളം സ്വീകരിച്ചത്. വിമാനത്താവളത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച അടയാളപ്പെടുത്തുന്നതും പ്രാദേശിക വ്യോമ ഗതാഗത കേന്ദ്രമെന്ന നിലയില്‍ റാസല്‍ഖൈമയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതുമാണ് നേട്ടമെന്ന് റാക് വ്യോമയാന വകുപ്പ് ചെയര്‍മാനും റാക് എയര്‍പോര്‍ട്ട് ബോര്‍ഡ് ഓഫ് ചെയര്‍മാനുമായ എൻജിനീയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു.
ഒരു ദശലക്ഷം യാത്രക്കാരെന്ന നേട്ടത്തോടെ വലിയ വിമാനത്താവളങ്ങളുടെ വിഭാഗത്തിലേക്ക് റാസല്‍ഖൈമയും ചുവടുവെച്ചിരിക്കുകയാണ്. മാനേജ്മെന്റ് ആവിഷ്കരിച്ച പ്രവര്‍ത്തനപദ്ധതികളുടെ വിജയമാണിത് കാണിക്കുന്നത്. വിമാന സര്‍വിസ് ശൃംഖലയും വര്‍ധിച്ചു. ഇന്ത്യ, പാകിസ്താന്, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങി 16 അന്താരാഷ്ട്ര സര്‍വിസുകള്‍ റാക് എയര്‍പോര്‍ട്ടില്‍ നിന്നുണ്ട്. ലക്ഷ്യസ്ഥാനങ്ങളില്‍ 14 ശതമാനം, യാത്രക്കാരുടെ എണ്ണത്തില്‍ 51 ശതമാനം, വിമാന സര്‍വിസുകളില്‍ 37 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചനിരക്ക്. ഇതിലൂടെ 29.4 ശതമാനം അറ്റാദായവും റാക് വിമാനത്താവളം നേടി.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെയും കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെയും പിന്തുണയുടെ കൂടി പ്രതിഫലനമാണ് റാക് വിമാനത്താവളത്തിന്റെ നേട്ടം. ആഗോള നിലവാരമനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത, പ്രവര്‍ത്തന-സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തല്‍, സുഖകരമായ യാത്രാനുഭവം എന്നിവ ഉറപ്പുവരുത്തുന്നതില്‍ തുടര്‍ച്ചയായ ശ്രദ്ധ നല്‍കുമെന്നും ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ വ്യക്തമാക്കി.
ഡ്രോണ്‍ മാനേജ്മെന്റ് സിസ്റ്റം(ഡി.എം.എസ്), യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, പ്രവര്ത്തനസംവിധാനങ്ങളുടെ നവീകരണം, വിനോദ-വാണിജ്യപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന വിപുലീകരണം തുടങ്ങി വിമാനത്താവളത്തിന്റെ വളര്‍ച്ചക്കാവശ്യമായ നിര്‍ണായകമായ സംരംഭങ്ങള്‍ പോയവര്‍ഷം വിമാനത്താവളത്തില്‍ റാക് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടപ്പാക്കിയിരുന്നു. ദുബൈ, ഫുജൈറ സിവില്‍ ഏവിയേഷന്‍ അതോറിറ്റികളുമായി തന്ത്രപരമായ പങ്കാളിത്തമുണ്ടാക്കിയതും നേട്ടമായി. പരിസ്ഥിതി, നവീകരണം തുടങ്ങി വിവിധ തലങ്ങളില്‍ അന്താരാഷ്ട്ര ഗുണനിലവാര സാക്ഷ്യപത്രം തടസമില്ലാതെ വിമാനത്താവളത്തിന് പുതുക്കാന്‍ കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.