ദുബൈ: ‘വരൂ, നിങ്ങൾ എന്റെ ചിത്രങ്ങൾ കാണൂ, അതിലെന്റെ ജീവിതമുണ്ട്, യു.എ.ഇയുടെ കഴിഞ്ഞ കാലവും’ എന്ന് അഭിമാനപൂർവം വിളിച്ചുപറഞ്ഞ ഫോട്ടോഗ്രാഫറായിരുന്നു ഞായറാഴ്ച വിടപറഞ്ഞ രമേശ് ശുക്ല. ലോകം അതിശയപൂർവം നോക്കിക്കാണുന്ന യു.എ.ഇ എന്ന രാഷ്ട്രത്തിന് അദ്ദേഹം ഒരു സ്പെഷൽ വ്യക്തിത്വമായിരുന്നു. രാജകുടുംബാംഗങ്ങൾ മുതൽ സ്വദേശികളും വിദേശികളുമെല്ലാം ആദരവോടെ നോക്കിക്കണ്ട മനുഷ്യൻ. കാരണം മറ്റൊന്നുമല്ല. യു.എ.ഇ എന്ന രാഷ്ട്രത്തിന്റെ പിറവി കാമറക്കണ്ണുകളിലൂടെ പകർത്തി ജീവസുറ്റ ഓർമയാക്കി മാറ്റിയ വ്യക്തിത്വമായതിനാലാണത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി മാറിയ ഇമാറാത്തിന്റെ പിറവി നേരിൽ ദർശിച്ച ഇന്ത്യക്കാരൻ എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്.
1965ൽ തന്റെ കൗമാരത്തിലാണ് പത്തേമാരിയിൽ ബോംബെ എന്ന ഇന്നത്തെ മുംബൈ നഗരത്തിൽ നിന്ന് കണ്ണെത്താ ദൂരത്തോളം മണൽപരപ്പ് നിറഞ്ഞ അറേബ്യൻ ഗൾഫിൽ അദ്ദേഹം എത്തുന്നത്. പിതാവ് സമ്മാനിച്ച റോളികോർഡ് കാമറയും തൂക്കി ഷാർജ തീരത്താണ് വന്നിറങ്ങുന്നത്. മൂന്നു വർഷങ്ങൾക്കകം ഫ്രീലാൻസ് ഫോട്ടോഗ്രാഫറെന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 1971ൽ എമിറേറ്റുകൾ ഒന്നുചേർന്ന് യു.എ.ഇ രൂപീകരിക്കുന്ന കരാറിൽ ഒപ്പുവെക്കുന്ന സദസിൽ രമേശ് ശുക്ലക്ക് പ്രവേശിക്കാനായി. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഐക്യ കാരാറിൽ ഒപ്പുവെക്കുമ്പോൾ രണ്ടടി മാത്രം അകലെ കാമറയുമായി അദ്ദേഹമുണ്ടായിരുന്നു.
ശൈഖ് സായിദ് ഒപ്പുവെക്കുന്ന ചിത്രം ശ്രദ്ധയോടെ പകർത്തി. ഒരു പക്ഷേ ഇന്ന് അരനൂറ്റാണ്ടിലേറെ പിന്നിട്ട യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും മൂല്യവത്തായ നിമിഷവും ചിത്രവുമാണത്. ഒപ്പുവെക്കലിന് ശേഷം എമിറേറ്റുകളുടെ ഭരണാധികാരികൾ യൂനിയൻ ഹൗസിന് പുറത്ത് പതാക ഉയർത്തി. എല്ലാ എമിറേറ്റുകളുടെയും ഭരണാധികാരികൾ ഒരുമിച്ചു നിൽക്കുന്ന ചിത്രവും പകർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അതും ഐക്കണിക് ചിത്രമായി അവശേഷിക്കുന്നു. യു.എ.ഇയിൽ എവിടെപ്പോയാലും ശുക്ലയുടെ കാമറക്കണ്ണുകൾ ഒപ്പിയെടുത്ത ചിത്രങ്ങൾ ഇപ്പോൾ കാണാം. മെട്രോ സ്റ്റേഷനുകളിലും ചരിത്ര മ്യൂസിയങ്ങളിലും സർക്കാർ ഓഫീസുകളിലും തുടങ്ങി എല്ലായിടത്തും ഈ ചിത്രങ്ങളുടെ സാന്നിധ്യമിന്നുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റേതടക്കം പല പ്രമുഖരുടെയും യൗവന കാലത്തെ ഗംഭീര ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. മാത്രമല്ല, യു.എ.ഇയിൽ പലകാലങ്ങളിൽ എത്തിച്ചേർന്ന ലോകനേതാക്കളുടെയും പല അവിസ്മരണീയ ചിത്രങ്ങളും അദ്ദേഹം പകർത്തി. അതിലൊന്നാണ് എലിസബത്ത് രാജ്ഞി യു.എ.ഇ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം. ചുവന്ന പൂക്കൾ ചൂടി നിൽക്കുന്ന ചിത്രം രാജ്ഞിയുടെ വിയോഗ സമയത്ത് ഏറെ പേർ പങ്കുവെക്കുകയുണ്ടായി. യു.എ.ഇയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഈ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ഇപ്പോഴും ആയിരക്കണക്കിനാളുകളാണ് കാഴ്ചക്കാരായി എത്താറുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.