ശ്രദ്ധിക്കാതെ പൊടുന്നനെ വാഹനം വെട്ടിച്ചതിനെ തുടർന്നുണ്ടായ അപകടം. ഷാർജ പൊലീസ് പങ്കുവെച്ച
ദൃശ്യങ്ങളിൽനിന്ന്
ഷാർജ: വാഹനം പെട്ടെന്ന് വെട്ടിച്ചതുമൂലമുണ്ടായ തകർച്ചയുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലീസ്. അശ്രദ്ധമായി പെട്ടെന്ന് ലൈൻ മാറിയത് ഗുരുതരമായ റോഡപകടത്തിന് എങ്ങനെ വഴിയൊരുക്കുന്നുവെന്ന് നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഷാർജ പൊലീസിന്റെ അത്യാധുനിക ട്രാഫിക് നിരീക്ഷണ സംവിധാനത്തിൽ പതിഞ്ഞ ഈ വീഡിയോയിൽ, തിരക്കേറിയ റോഡിന്റെ ഏറ്റവും ഇടത്തേ അറ്റത്തെ വരിയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു സിൽവർ സെഡാൻ കാർ, അവസാന നിമിഷം എക്സിറ്റിലേക്ക് കയറാനായി പെട്ടെന്ന് മറ്റ് വരികൾ മുറിച്ചുകടന്ന് വലത്തോട്ട് വെട്ടിക്കുന്നത് കാണാം. മുന്നറിയിപ്പ് നൽകാതെ ഈ വാഹനം മറ്റ് വാഹനങ്ങൾക്ക് മുന്നിലേക്ക് പെട്ടെന്ന് കയറിയപ്പോൾ, തൊട്ടടുത്ത വരിയിലൂടെ വരികയായിരുന്ന ഒരു വെള്ള എസ്.യു.വി കാറുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്ന് തന്നെ മറ്റൊരു വശത്തേക്ക് മാറ്റേണ്ടി വന്നു.
എസ്.യു.വി ഡ്രൈവർ പെട്ടെന്ന് വലത്തോട്ട് വെട്ടിച്ചു. ഇതിലൂടെ സെഡാൻ കാറുമായുള്ള വലിയൊരു കൂട്ടിയിടി ഒഴിവായെങ്കിലും പെട്ടെന്നുള്ള വെട്ടിക്കൽ കാരണം എസ്.യു.വിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് വാഹനം റോഡരികിലെ ഫുട്പാത്തിൽ ഇടിക്കുകയും, നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ട് റോഡിൽ കറങ്ങുകയും ചെയ്തു. ഈ ആഘാതത്തിൽ സിൽവർ സെഡാൻ കാർ റോഡിന്റെ മറുഭാഗത്തേക്ക് തള്ളപ്പെടുകയും എസ്.യു.വി ഒടുവിൽ റോഡിൽ വന്നു നിൽക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
വാഹനങ്ങൾ തമ്മിൽ നേരിട്ട് വലിയ കൂട്ടിയിടി ഉണ്ടായില്ലെങ്കിൽ പോലും, പെട്ടെന്ന് വരി മാറ്റുന്നത് എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് ഷാർജ പൊലീസ് പറഞ്ഞു. അശ്രദ്ധമായ ലൈൻ മാറ്റങ്ങൾ കൂട്ട അപകട പരമ്പരക്ക് കാരണമാകും. അത് നിരപരാധികളായ മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
റോഡിലെ മറ്റ് സാഹചര്യങ്ങളും മറ്റ് വാഹനങ്ങളുടെ സാന്നിധ്യവും കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ സുരക്ഷിതമായി വരികൾ മാറാവൂ എന്ന് ഷാർജ പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ഷാർജ പൊലീസിന്റെ റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എമിറേറ്റിലെ റോഡുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനും അപകടകരമായ ഡ്രൈവിങ് രീതികൾ കണ്ടെത്തുന്നതിനുമായി ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളും കാമറകളും പൊലീസ് തുടർന്നും ശക്തമായി ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.