സുരക്ഷാ നിയമലംഘനം: ബോട്ട്, ജെറ്റ് സ്‌കീ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് -അബൂദബി മാരിടൈം

അബൂദബി: ജലാശയങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ തടയാനുമായി ബോട്ട്, ജെറ്റ് സ്‌കീ ഉപയോക്താക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അബൂദബി മാരിടൈം. 'യാത്രക്ക് മുമ്പ് പിഴകളെക്കുറിച്ച് അറിയുക' എന്ന സന്ദേശവുമായി പൊതുജനങ്ങള്‍ക്കായി അതോറിറ്റി ബോധവല്‍കരണ കാംപയിന്‍ ആരംഭിച്ചു. വിവിധ പെര്‍മിറ്റുകള്‍ കൃത്യമായി സ്വന്തമാക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നിവ ലക്ഷ്യമിട്ട് ആകെ 33 ഇനം നിയമലംഘനങ്ങള്‍ക്കാണ് 500 ദിര്‍ഹം മുതല്‍ 30000 ദിര്‍ഹം വരെ പിഴ നിശ്ചയിച്ചിട്ടുള്ളത്.

അനുമതിയില്ലാതെ സമുദ്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഏറ്റവും ഉയര്‍ന്ന പിഴയായ 30,000 ദിര്‍ഹം ചുമത്തുക. ജലാശയങ്ങളില്‍ മാലിന്യവും മലിനജലവും ഒഴുക്കി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുക, അനുമതിയില്ലാതെ കപ്പലിന്റെയോ ബോട്ടിന്റെയോ അടിഭാഗം വെള്ളത്തില്‍ വെച്ച് വൃത്തിയാക്കുക എന്നീ കുറ്റങ്ങള്‍ക്ക് 20000 ദിര്‍ഹം വീതം പിഴ ഈടാക്കും.

നാവിഗേഷന്‍ സഹായ ഉപകരണങ്ങള്‍ അനുമതിയില്ലാതെ സ്ഥാപിക്കുകയോ മാറ്റുകയോ ചെയ്താല്‍ 15000 ദിര്‍ഹമാണ് പിഴ. ആവശ്യമായ പെര്‍മിറ്റില്ലാതെ സമുദ്ര വിനോദങ്ങളില്‍ ഏര്‍പ്പെടുക, ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ബോട്ട് ഓടിക്കുകയോ വാടകക്ക് നല്‍കുകയോ ചെയ്യുക, കപ്പലുകള്‍ക്കിടയില്‍ അനുമതിയില്ലാതെ ഇന്ധനമോ സാധനങ്ങളോ മാറ്റുക, ബോട്ട് ജലാശയങ്ങളില്‍ ഉപേക്ഷിക്കുക, മുന്‍കൂട്ടി അനുമതി വാങ്ങാതെ ബോട്ട് കെട്ടിയിടുക, ഇന്‍സ്‌പെക്ടറുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുക എന്നിവക്ക് 10000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക.

സമുദ്ര അപകടത്തിന് കാരണമാവുക, അപകടം നടന്ന ശേഷം അധികൃതരെ സഹായിക്കാതിരിക്കുക, നാവിഗേഷന്‍ തടസങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, ഇന്‍സ്‌പെക്ടര്‍മാരുടെ ജോലി തടസ്സപ്പെടുത്തുക, പരിശോധനയിലെ പോരായ്മകള്‍ പരിഹരിക്കാതിരിക്കുക, മാരിടൈം ചട്ടങ്ങള്‍ ലംഘിക്കുക, അനുമതിയില്ലാതെ ടോവിങ് നടത്തുക, അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ഇന്ധനം നിറക്കുക, ഔദ്യോഗിക രേഖകള്‍ മറച്ചുവെക്കുക എന്നിവക്ക് 5000 ദിര്‍ഹം വീതം പിഴ ഈടാക്കും.

അനുമതിയില്ലാതെ തീരദേശ പരിപാടികള്‍ സംഘടിപ്പിക്കുക, സുരക്ഷിതമായ ഡൈവിങ് മാനദണ്ഡങ്ങള്‍ ലംഘിക്കുക, മറ്റ് ബോട്ടുകളെ സുരക്ഷിതമല്ലാത്ത രീതിയില്‍ സമീപിക്കുക, തെറ്റായ രേഖകള്‍ സമര്‍പ്പിക്കുക എന്നിവക്ക് 3,000 ദിര്‍ഹവും, അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുക, അനുമതിയില്ലാതെ ജലപാതകള്‍ ഉപയോഗിക്കുക, നാവിഗേഷന്‍ തടസ്സപ്പെടുത്തുക, നാവിഗേഷന്‍ നിയമങ്ങള്‍ പാലിക്കാതിരിക്കുക എന്നിവക്ക് 2,000 ദിര്‍ഹവുമാണു പിഴ. ബോട്ട് തകരാറിലാകുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരിക്കുക, നാവിഗേഷന്‍ എയ്ഡുകളില്‍ ബോട്ട് കെട്ടിയിടുക എന്നിവക്ക് 1000 ദിര്‍ഹവും ലൈഫ് ജാക്കറ്റ് ധരിക്കാതിരുന്നാല്‍ 500 ദിര്‍ഹവും പിഴ ഈടാക്കും. 

Tags:    
News Summary - Security Violation: Warning to Boat and Jet Ski Users - Abu Dhabi Maritime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.