സങ്കൽപ് സന്ദീപ് നായിക്
ദുബൈ: നീറ്റ് പരീക്ഷ മാറ്റിവെച്ചപ്പോൾ എല്ലാം നിർത്തിയാലോ എന്ന് ചിന്തിച്ചതായിരുന്നു സങ്കൽപ് സന്ദീപ് നായിക്. ‘എനിക്ക് താൽപര്യം പൂർണമായും നഷ്ടപ്പെട്ടു. ശ്രമം നിർത്തിയാലോ എന്നൊക്കെ ചിന്തിച്ചു. പരീക്ഷ മാറ്റിവെച്ചതായിരുന്നു ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷം’ -സങ്കൽപ് ഓർത്തെടുത്തു.
മനസ്സു തകർന്ന വേളയിൽ അമ്മയാണ് അവനെ മുന്നോട്ടുനയിച്ചത്. തോറ്റുപിന്മാറാൻ അമ്മ അവനെ അനുവദിച്ചില്ല. അച്ഛനും കട്ടയ്ക്ക് കൂടെനിന്നു. സങ്കൽപിന് തടസ്സമില്ലാതെ പഠിക്കാൻ വേണ്ടി സഹോദരൻ എല്ലാ രാത്രിയിലും അവരൊന്നിച്ച് കഴിഞ്ഞിരുന്ന ബെഡ്റൂം അവനുമാത്രമായി ഒഴിഞ്ഞുകൊടുത്തു.
മനസ്സുമടുത്ത ആ ദിനങ്ങൾക്കുശേഷം നീറ്റ് പരീക്ഷ രണ്ടാമതും നടന്നപ്പോൾ ഇന്ത്യക്ക് പുറത്തുള്ള കേന്ദ്രങ്ങളിൽ നിന്ന് ഇക്കുറി നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -യു.ജി) എഴുതിയ ഉദ്യോഗാർഥികളിൽ ഏറ്റവും ഉയർന്ന റാങ്കുകാരനെന്ന വിശേഷണമാണ് ദുബൈയിലെ താമസക്കാരനായ സങ്കൽപിനെ തേടിയെത്തിയത്.
ദുബൈയിലെ ജെ.എസ്.എസ് പ്രൈവറ്റ് സ്കൂളിൽ പഠിച്ച സങ്കൽപ് 720ൽ 650 മാർക്ക് നേടി ഓൾ ഇന്ത്യ റാങ്കിൽ 1,398-ാം സ്ഥാനം നേടി. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ സംസ്ഥാനം തിരിച്ചുള്ള ടോപ്പർമാരുടെ പട്ടികയിൽ ‘ഔട്ട്‌സൈഡ് ഇന്ത്യ’ വിഭാഗത്തിൽ ഒന്നാമതെത്തി. 99.9253 എന്ന മൊത്തത്തിലുള്ള പെർസെന്റൈലാണ് സ്കോർകാർഡിൽ.
അവസാന മാസങ്ങളിൽ ശ്രദ്ധ നീറ്റിലേക്ക്
തുടക്കത്തിൽ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സങ്കൽപ്, പരീക്ഷക്ക് തൊട്ടുമുമ്പുള്ള അവസാന മാസങ്ങളിൽ പൂർണ ശ്രദ്ധ നീറ്റിലേക്ക് മാറ്റി. അഞ്ച് മാസത്തോളം നീറ്റ് പരീക്ഷക്കായി ഗൗരവമായി തയാറെടുത്തുവെന്ന് ഈ 18കാരൻ പറയുന്നു. ബോർഡ് പരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ നീറ്റ് ടെസ്റ്റുകളിൽ തിളങ്ങാൻ കഴിഞ്ഞില്ല. അവസാന ഘട്ടത്തിൽ നീറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയപ്പോഴാണ് വലിയ മാറ്റം പ്രകടമായത്’.
പരീക്ഷകൾ മാറ്റിവെക്കുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
പരീക്ഷകൾ മാറ്റിവെക്കുന്നത് വിദ്യാർഥികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് സങ്കൽപ് ചൂണ്ടിക്കാട്ടുന്നു. ‘അത് അവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. നിർത്തണമെന്ന് കരുതിയിടത്തുനിന്ന്, അമ്മയും അച്ഛനും സഹോദരനും നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നതുകൊണ്ടാണ് ഞാൻ മുന്നോട്ട് പോയത്. പിന്തുണച്ച എല്ലാവരോടും ഈ നേട്ടത്തിൽ ഞാൻ നന്ദിയുള്ളവനാണ്’ -സങ്കൽപ് പ്രതികരിച്ചു. സങ്കൽപ് തന്റെ സഹോദരനൊപ്പം ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. ‘ഞാൻ കൂടുതലും രാത്രിയിലാണ് കൂടുതൽ ശ്രദ്ധയോടെ പഠിച്ചിരുന്നത്. അതുകൊണ്ട് എനിക്കുവേണ്ടി സഹോദരൻ ഹാളിലേക്ക് മാറി അവിടെ കിടന്നുറങ്ങുകയായിരുന്നു’ -അവൻ പറഞ്ഞു.
എഞ്ചിനീയറായ പിതാവ് പരീക്ഷക്ക് തൊട്ടുമുമ്പുള്ള മാസങ്ങളിൽ സങ്കൽപിന് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനായി ജോലിയിൽനിന്ന് പലതവണ അവധിയെടുത്തു. ഈ വിജയത്തിനായി തനിക്കിഷ്ടപ്പെട്ട പല കാര്യങ്ങളും തൽക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നുവെന്ന് സങ്കൽപ്. പഠനത്തിൽ കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്രിക്കറ്റ് അക്കാദമിയിൽ പോകുന്നത് നിർത്തി. എങ്കിലും സ്കൂളിനായി ഇടക്ക് കളിക്കുന്നത് തുടർന്നു.
പതിനെട്ടാം ജന്മദിനം ഉൾപ്പെടെയുള്ള പല ആഘോഷങ്ങളും നഷ്ടമായി. ‘നീറ്റ് പരീക്ഷക്ക് മൂന്നുദിവസം മുമ്പായിരുന്നു എന്റെ ജന്മദിനം. പിറന്നാളിന്‍റെ അന്നും ഞാൻ പഠനത്തിരക്കിലായിരുന്നു’ -അവൻ പറഞ്ഞു. പരീക്ഷക്കുശേഷം ആത്മവിശ്വാസം തോന്നിയെങ്കിലും, ഫലത്തിനായി കാത്തിരിക്കുമ്പോൾ ചെറിയൊരു പരിഭ്രാന്തി ഉണ്ടായിരുന്നുവെന്ന് സങ്കൽപ് തുറന്നുപറഞ്ഞു. ‘മനസ്സിന്റെ ഒരു കോണിൽ എപ്പോഴും ചെറിയൊരു ഭയമുണ്ടാകും. എങ്കിലും, മാതാപിതാക്കൾ എന്നെ അത്രകണ്ട് പിന്തുണച്ചിരുന്നതിനാൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു’.
നീറ്റായി മാറ്റി, ജീവിതശൈലി
നീറ്റിൽ മികച്ച റാങ്ക് നേടുകയെന്നതിന് പിന്നിലെ ഏറ്റവും വലിയ വെല്ലുവിളി, ജീവിതശൈലി മാറ്റുക എന്നതായിരുന്നുവെന്ന് സങ്കൽപ് പറഞ്ഞു. ‘ആളുകൾ സ്കോർ മാത്രമേ കാണൂ. അതിനു പിന്നിലെ ത്യാഗം കാണില്ല. എപ്പോഴും ആസ്വദിച്ചു നടന്നിരുന്ന അവസ്ഥയിൽനിന്ന് പെട്ടെന്ന് എല്ലാ ദിവസവും ആറോ ഏഴോ മണിക്കൂർ പഠിക്കാൻ തുടങ്ങുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. ആ മാറ്റം കൊണ്ടുവരിക എന്നതാണ് വലിയ വെല്ലുവിളി. ആ ഒഴുക്കിലേക്ക് നിങ്ങൾ എത്തിക്കഴിഞ്ഞാൽ, ബാക്കിയെല്ലാം എളുപ്പമാകും’.
റിവിഷനിൽ ശ്രദ്ധിക്കണം
ഒരുപാട് മെറ്റീരിയലുകൾ പഠിച്ചു തീർക്കാൻ ശ്രമിക്കുന്നതിന് പകരം റിവിഷനൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭാവിയിലെ നീറ്റ് പരീക്ഷ എഴുതാൻ ലക്ഷ്യമിടുന്നവർക്ക് സങ്കൽപിന്‍റെ ഉപദേശം. ‘നിങ്ങൾ എത്രത്തോളം പഠിക്കുന്നു എന്നതിനേക്കാൾ, പഠിച്ച കാര്യങ്ങൾ എത്ര തവണ ആവർത്തിച്ചു പഠിക്കുന്നു എന്നതാണ് പ്രധാനം. അഞ്ച് അധ്യായങ്ങൾ ഒരു തവണ പഠിക്കുന്നതിനേക്കാൾ നല്ലത് ഒരു അധ്യായം അഞ്ച് തവണ പഠിക്കുന്നതാണ്’.
കുട്ടിക്കാലം മുതൽക്കേ തനിക്ക് ഒരു ന്യൂറോ സർജൻ ആകാനാണ് ആഗ്രഹമെന്ന് സങ്കൽപ് പറഞ്ഞു. ‘ന്യൂറോ സർജൻ ആകണമെന്നായിരുന്നു എപ്പോഴും എന്‍റെ ആഗ്രഹം. ജീവിതത്തിൽ എനിക്ക് ആ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ’.
ആഗസ്റ്റിൽ ദുബൈയിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് സ്വദേശമായ ഗോവയിലുള്ള സങ്കൽപ് ഇപ്പോൾ പദ്ധതിയിടുന്നത്. എം.ബി.ബി.എസിന് നാഗ്പൂർ എയിംസ് കോളജിൽ ചേർന്ന് പഠിക്കാനാണ് താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.