ഷാര്‍ജ: പുണ്യ റമദാന്‍ അരികിൽ നില്‍ക്കെ ഷാര്‍ജയിലെ സജ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളുടെ ഒാട്ടപ്പാച്ചിലിലാണ് പതിവ് പോലെ ടീം ഇഫ്താര്‍. 12ാം വര്‍ഷത്തിലേക്കാണ് ടീം ഇഫ്താര്‍ കടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞതായി സംഘാടകരിലൊരാളായ ഈസ അനീസ് പറഞ്ഞു. തുടക്കത്തില്‍ 30 ക്യാമ്പുകളിലായി 10 ,000 പേര്‍ക്കാണ് ഇഫ്താര്‍ ഒരുക്കുക. അത് ഒാരോ നോമ്പ് പിന്നിടും തോറും വര്‍ധിക്കും.
പോയവര്‍ഷം 27 ക്യാമ്പുകളില്‍ തുടങ്ങിയ ഇഫ്താര്‍ 39 ക്യാമ്പുകളായി വര്‍ധിച്ചിരുന്നു. വിവിധ മലയാളി സംഘടകള്‍ കൂട്ടായിട്ടാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ജോലി കഴിഞ്ഞ് സന്നദ്ധ പ്രവര്‍ത്തകര്‍ നേരെ സജയിലേക്ക് തിരിക്കും. കുറഞ്ഞ ശമ്പളത്തിന് ഏറെ കഷ്ടത പേറി ജോലി ചെയ്യുന്ന ഇവിടുത്തെ തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് മലയാളികള്‍ മുന്‍കൈയെടുത്ത് നടത്തുന്ന ഇഫ്താര്‍. നാനൂറിലേറെ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ സേവനത്തിനെത്താറ്. ഇക്കുറി അതും വർധിക്കും.
നിരവധി കമ്പനികള്‍ ഇതിനകം തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 2017നെ ദാന വര്‍ഷമായി പ്രഖ്യാപിച്ചതും ഇത്തവണ റിലീഫ് പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ടീം. യു.എ.ഇയിലെ ഏറ്റവും വലിയ സംഘടിത നോമ്പ് തുറയാണ് സജയില്‍ നടക്കാറുള്ളത്. കൊടും ചൂടും പൊടിക്കാറ്റും ചൂളം കുത്തുന്ന പ്രദേശമാണ് സജ. ഇവിടെത്തെ തൊഴിലാളികളുടെ ദുരിതം മനസിലാക്കിയ ഏതാനും ചെറുപ്പക്കാര്‍ തുടക്കമിട്ട ഉദ്യമം ഏറെ പെട്ടെന്ന് വളരുകയായിരുന്നു.
ടണ്‍കണക്കിന് ഭക്ഷണ പദാര്‍ഥങ്ങളാണ് ഇവിടെ എത്തുക. അവയെല്ലാം കൃത്യമായി, വളരെ കരുതലോടെ നിരത്തിയിട്ട സുപ്രയില്‍ വിളമ്പി തൊഴിലാളികളെ നോമ്പ് തുറപ്പിച്ചതിന് ശേഷമാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പിരിയുക. നോമ്പ് മുഴുവനായും ഇവിടെ ചിലവഴിക്കുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.