റാസല്‍ഖൈമയിലെ വിന്‍ അല്‍ മര്‍ജാന്‍ ഐലൻഡിന്‍റെ രൂപരേഖ
റാക് വിന്‍ അല്‍ മര്‍ജാന്‍ ഐലൻഡ്; യു.എ.ഇയിലെ ആദ്യ കാസിനോ റിസോര്‍ട്ട് 2027 സെപ്റ്റംബറില്‍ തുറക്കും
4,000ത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും
റാസല്‍ഖൈമ: യു.എ.ഇയിലെ ആദ്യ വാണിജ്യ കാസിനോ റിസോര്‍ട്ടായ വിന്‍ അല്‍ മര്‍ജാന്‍ ഐലൻഡ് റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ഐലൻഡില്‍ 2027 സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിക്കും. യു.എസ് ആസ്ഥാനമായ വിന്‍ റിസോര്‍ട്ട്സ് കഴിഞ്ഞ വാരം 2026ലെ രണ്ടാം പാദ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് റിസോര്‍ട്ട് തുറക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അതേസമയം, പദ്ധതിയുടെ നിര്‍മാണച്ചെലവ് ഏകദേശം 570 കോടി ഡോളറായി ഉയര്‍ന്നു. 510 കോടി ഡോളറായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ വിതരണശൃംഖല തടസ്സങ്ങളും ഷിപ്പിങ് ഇന്‍ഷുറന്‍സ് മേഖലയിലെ പ്രതിസന്ധിയുമാണ് സമയക്രമത്തെയും ചെലവിനെയും ബാധിച്ചതെന്ന് വിന്‍ റിസോര്‍ട്ട്സ് സി.ഇ.ഒ ക്രെയ്ഗ് ബില്ലിങ്സ് പറഞ്ഞു. റാക് അല്‍ മര്‍ജാന്‍ ഐലൻഡില്‍ 60 ഹെക്ടര്‍ വിസ്തൃതിയിലാണ് റിസോര്‍ട്ട് ഉയരുന്നത്. 420 മീറ്റര്‍ നീളമുള്ള സ്വകാര്യ ബീച്ച്, 12 നീന്തല്‍ക്കുളങ്ങള്‍, ആഴക്കടല്‍ മറീന, തിയറ്റര്‍, കണ്‍വെന്‍ഷന്‍-ഇവന്‍റ് സൗകര്യങ്ങള്‍, ആഡംബര ഷോപ്പിങ് മേഖല, 22 റസ്റ്റോറന്‍റുകളും ലോഞ്ചുകളും എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.
എമിറേറ്റിന്‍റെ ആകാശരേഖ തന്നെ മാറ്റിമറിക്കുന്ന തരത്തിലാണ് വിന്‍ അല്‍ മര്‍ജാന്‍ ഐലൻഡിന്‍റെ പ്രധാന ടവര്‍ നിര്‍മിക്കുന്നത്. 352 മീറ്റര്‍ ഉയരവും 70 നിലകളുമുള്ള കെട്ടിടം എമിറേറ്റിലെ ഏറ്റവും ഉയരം കൂടിയ നിര്‍മിതിയാകും. 1530 മുറികളും സ്യൂട്ടുകളും ടവറിലുണ്ടാകും. 1217 എണ്ണം പ്രധാന റിസോര്‍ട്ട് വിഭാഗത്തിലും 313 എണ്ണം അത്യാഡംബര എൻക്ലേവ് വിഭാഗത്തിലുമാണ്. എൻക്ലേവില്‍ രണ്ട് റോയല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍, നാല് ഗാര്‍ഡന്‍ ടൗണ്‍ ഹോമുകള്‍, 10 മറീന എസ്റ്റേറ്റുകള്‍, 297 എൻക്ലേവ് സ്യൂട്ടുകള്‍ എന്നിവ ഉള്‍പ്പെടും.
യു.എ.ഇയിലെ ആദ്യ നിയമാനുസൃത വാണിജ്യ കാസിനോയായിരിക്കും വിന്‍ അല്‍ മര്‍ജാന്‍ ഐലൻഡ്. 2.25 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഗെയിമിങ് ഫ്ളോറാണ് പദ്ധതിയിലുള്ളത്. വിന്‍ ലാസ് വെഗാസിലേതിനേക്കാള്‍ വലുതായിരിക്കും ഇതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2024ല്‍ ഒക്ടോബറിലാണ് ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജി.സി.ജി.ആര്‍.എ) വിന്‍ റിസോര്‍ട്ട്സിന് യു.എ.ഇയിലെ ആദ്യത്തെ വാണിജ്യ ഗെയിമിങ് ഓപറേറ്റര്‍ ലൈസന്‍സ് നല്‍കിയത്. കുടുംബങ്ങള്‍ക്കും കാസിനോയില്‍ താല്‍പര്യമില്ലാത്ത സന്ദര്‍ശകര്‍ക്കും സൗകര്യമൊരുക്കുന്ന രീതിയില്‍ ഗെയിമിങ് മേഖല റിസോര്‍ട്ടിലെ ബീച്ച്, കുടുംബ വിനോദ മേഖലകള്‍, ഭക്ഷണ ശാലകള്‍ എന്നിവയില്‍ നിന്ന് വേര്‍തിരിച്ചായിരിക്കും ക്രമീകരിക്കുക.
റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 4,000ത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിന്‍ റിസോര്‍ട്ട്സിന്‍റെ കണക്ക്. 2026ല്‍ മാത്രം 2750 പേരെ വിവിധ മേഖലകളിലായി നിയമിക്കാനാണ് പദ്ധതി. ഗെയിമിങ്, ഭക്ഷണ-പാനീയ മേഖല, ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ്ങ്, സുരക്ഷ, സാങ്കേതിക വിഭാഗങ്ങള്‍, കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലായിരിക്കും നിയമനം. ജീവനക്കാര്‍ക്കായി താമസം, ഭക്ഷണം, റീട്ടെയില്‍, ഫിറ്റ്നസ്, സാമൂഹിക സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിന്‍ ഒയാസിസ് എന്ന പ്രത്യേക റസിഡന്‍ഷ്യല്‍ സമുച്ചയവും കമ്പനി ഒരുക്കുന്നുണ്ട്. അല്‍ മര്‍ജാന്‍ ഐലൻഡിലേക്കുള്ള ഗതാഗത സൗകര്യങ്ങളിലും വന്‍ വികസനമാണ് നടക്കുന്നത്. 548 മീറ്റര്‍ നീളമുള്ള വിന്‍ ബ്രിഡ്ജ് 2026 അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലം തുറന്നാല്‍ ദുബൈയില്‍നിന്ന് റിസോര്‍ട്ടിലെത്താന്‍ ഏകദേശം 45 മിനിറ്റ് മതിയാകും.
റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ വി.ഐ.പി ടെര്‍മിനലും സ്വകാര്യ ജെറ്റ് ഹാംഗറും 2027 ആദ്യ പാദത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലാസ് വെഗാസ് ആസ്ഥാനമായ വിന്‍ റിസോര്‍ട്ട്സിന്‍റെ മിഡില്‍ ഈസ്റ്റിലെ ആദ്യ സംരംഭമാണ് വിന്‍ അല്‍ മര്‍ജാന്‍ ഐലൻഡ്. പദ്ധതിയുടെ സംയുക്ത സംരംഭത്തില്‍ വിന്‍ റിസോര്‍ട്ട്സിന് 40 ശതമാനം ഓഹരിയാണുള്ളത്. മര്‍ജാനും റാക് ഹോസ്പിറ്റാലിറ്റി ഹോള്‍ഡിങുമാണ് മറ്റ് പങ്കാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.