റാസല്‍ഖൈമ: വിനോദ സഞ്ചാരികൾ സാമൂഹിക മൂല്യങ്ങളും രാജ്യത്തെ നിയമങ്ങളും പിന്തുടരുന്നതില് ജാഗ്രത പുലര്‍ത്തണമെന്ന് റാക് പൊലീസ്. ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിലാണ് പൊലീസിന്റെ നിർദേശം. പരിപാടിയിൽ കുറ്റാന്വേഷണ വിഭാഗവും ടൂറിസ്റ്റ് പൊലീസും വിനോദ സഞ്ചാരികളുമായി സംവദിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ പൊലീസ് സംഘം സന്ദര്‍ശകര്‍ക്ക് റാസല്ഖൈമയെക്കുറിച്ചുള്ള സുവനീറുകള്‍ വിതരണം ചെയ്തു.
ബീച്ചുകള്‍, പർവതാരോഹണം, ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിർദേശങ്ങള്‍ നല്കി. വാഹന വേഗത കുറക്കേണ്ടതിന്റെയും യു.എ.ഇയുടെ ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെയും സുരക്ഷിതമായ ഡ്രൈവിങ് പ്രാധാന്യവും ടൂറിസ്റ്റുകളെ ബോധ്യപ്പെടുത്തി. സുരക്ഷിതവും സുസ്ഥിരവുമായ വിനോദ അന്തരീക്ഷം സാധ്യമാക്കുന്നതിന് ടൂറിസം പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ സന്ദര്‍ശകരെ പരിചയപ്പെടുത്തി. സാമൂഹിക മൂല്യങ്ങള്‍ പാലിക്കാനും മാന്യമായ വസ്ത്രധാരണം നിലനിര്‍ത്താനും രാജ്യത്ത് നിലവിലുള്ള സാമൂഹിക മാനദണ്ഡങ്ങളും പാരമ്പര്യങ്ങളും പാലിക്കേണ്ട ആവശ്യകതയും അധികൃതര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.