ദുബൈയിൽ ബുധനാഴ്ച വൈകീട്ട്​ മഴ പെയ്തപ്പോൾ

ദുബൈ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മഴ

ദുബൈ: ദുബൈ ഉൾപ്പെടെ യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച വൈകുന്നേരം മഴ ലഭിച്ചു. ശക്തമായി വീശിയടിച്ച കാറ്റിൽ പൊടിയും മണലും ഉയർന്നതിനെ തുടർന്ന് പലയിടങ്ങളിലും കാഴ്ചപരിധി ഗണ്യമായി കുറഞ്ഞു. സമാനമായ രീതിയിൽ ചൊവ്വാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയും പൊടിക്കാറ്റും അനുഭവപ്പെടുകയും കാഴ്ചപരിധി കുറയുകയും ചെയ്തിരുന്നു.

ഇതോടെ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) ബുധനാഴ്ച ഉച്ച ഒരുമണി മുതൽ രാത്രി എട്ടുമണി വരെ പ്രാബല്യത്തിലുള്ള പുതിയ മുന്നറിയിപ്പ് നൽകി. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ കാറ്റിനും പൊടിപടലങ്ങൾക്കും കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുണ്ടെന്നായിരുന്നു എൻ.സി.എം അറിയിപ്പ്​.

കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിലും പിന്നീട് രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലേക്കും ഈ കാലാവസ്ഥ വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രധാന റോഡുകളിൽ പൊടിപടലങ്ങൾ കാരണം കാഴ്ചപരിധി പെട്ടെന്ന് കുറയാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലെ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് നിർദേശമുണ്ട്.

ബുധനാഴ്ച വൈകുന്നേരത്തോടെ ദുബൈ പ്രൊഡക്​ഷൻ സിറ്റി, ഗ്ലോബൽ വില്ലേജ്​, അൽഖൂസ്​ തുടങ്ങി ദുബൈയിലെ ചില ഭാഗങ്ങളിലാണ്​ മഴ ലഭിച്ചത്​. അൽ ഐന് വടക്കുള്ള അൽ ശുഐബ് റോഡിൽ മഴ പെയ്തതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ പ്ലാറ്റ്‌ഫോമായ സ്​റ്റോം സെന്‍റർ സ്ഥിരീകരിച്ചു. പ്രദേശത്ത് മഴമേഘങ്ങൾ രൂപപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെപ്പോലെ തന്നെ സമാന കാലാവസ്ഥ തുടരുന്നതിനാൽ, കിഴക്കൻ-പടിഞ്ഞാറൻ മേഖലകളിലെ താമസക്കാർ ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും, പൊടിക്കാറ്റും കാഴ്ചതടസ്സവും പ്രതീക്ഷിക്കാവുന്ന സമയങ്ങളിൽ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. വേനൽക്കാലത്ത് യു.എ.ഇയിൽ തുടർച്ചയായി രൂപപ്പെടുന്ന മഴമേഘങ്ങളാണ് പലയിടങ്ങളിലും ഒറ്റപ്പെട്ട മഴക്കും ശക്തമായ കാറ്റിനും കാരണമാകുന്നത്.

Tags:    
News Summary - ദുബൈ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മഴ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.