ദുബൈ: ആറ്റുനോറ്റു കിട്ടിയ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് തിരിക്കാനൊരുങ്ങുന്ന പ്രവാസികൾക്ക് റെഡ് കാർഡ്. വരും ദിവസങ്ങളിൽ പൊള്ളുന്ന വിമാന നിരക്കാണ് എയർലൈനുകൾ ഈടാക്കുന്നത്. യു.എ.ഇയിൽനിന്ന് ഖത്തറിലെത്തി തിരിച്ചെത്താൻ 5000 ദിർഹമിലേറെ മുടക്കേണ്ട അവസ്ഥയാണ്. ഷട്ടിൽ സർവിസിൽ പോകുന്നവർക്ക് 1300 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണെങ്കിലും 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തണമെന്ന നിബന്ധനയാണ് ഇവർക്ക് തിരിച്ചടിയാകുന്നത്.

യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ദിവസവും നൂറുകണക്കിന് വിമാനങ്ങളാണ് ദോഹയിലേക്ക് സർവിസ് നടത്തുന്നത്. ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽനിന്ന് മാത്രം 120 വിമാനങ്ങൾ ഷട്ടിൽ സർവിസ് നടത്തുന്നുണ്ട്. ൈഫ്ല ദുബൈയും ഖത്തർ എയർവേയ്സുമാണ് ഷട്ടിൽ സർവിസ് നടത്തുന്നത്. ഇതിനുപുറമെ സാധാരണ സർവിസുകൾ വേറെയുമുണ്ട്. ലോകകപ്പ് തുടങ്ങുന്ന നവംബർ 20ന് ദുബൈയിൽനിന്ന് ദോഹയിലെത്തണമെങ്കിൽ ഏറ്റവും കുറഞ്ഞത് 3500 ദിർഹം മുടക്കണം. മറ്റേതെങ്കിലും രാജ്യം വഴി ഖത്തറിലേക്ക് പോകുന്ന വിമാനങ്ങളിൽ പോലും വൻ തുകയാണ് നിരക്ക്. ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കുന്ന ഡിസംബർ രണ്ട് വരെ ടിക്കറ്റ് നിരക്ക് മുകളിലേക്കാണ്.

ഡിസംബർ മൂന്ന് മുതൽ ടിക്കറ്റ് നിരക്കിൽ നേരിയ കുറവ് കാണിക്കുന്നുണ്ട്. രണ്ടാം റൗണ്ട് മുതൽ മത്സരങ്ങളുടെ എണ്ണം കുറവായതിനാൽ കാണികൾ കുറയുന്നതാണ് ടിക്കറ്റ് നിരക്ക് ഈ സമയം കുറയാൻ കാരണം. വരും ദിനങ്ങളിൽ ഈ നിരക്കും വർധിക്കാനാണ് സാധ്യത.സാധാരണ വിമാനങ്ങളിൽ നിരക്ക് കൂടിയതോടെ ഷട്ടിൽ സർവിസിനെ ആശ്രയിക്കാനാണ് പലരുടെയും തീരുമാനം. ഷട്ടിൽ സർവിസിൽ പോയാൽ ഖത്തർ ചുറ്റിക്കാണണമെന്ന ആഗ്രഹം നടക്കില്ല. രാവിലെ ഖത്തറിൽ എത്തി വൈകുന്നേരം കളിയും കണ്ട് രാത്രിയോടെ മടങ്ങേണ്ടിവരും.ആറ് മണിക്കൂർ മുതൽ 24 മണിക്കൂർ വരെ അധികമെടുത്ത് മറ്റു രാജ്യങ്ങൾ വഴി പറക്കുന്ന വിമാനങ്ങളെയാണ് ചിലർ ആശ്രയിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസം അനുസരിച്ച് ഇവിടെയും ടിക്കറ്റ് നിരക്ക് കൂടുതലാണ്. 

Tags:    
News Summary - Qatar ticket price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.