ദോഹ: ഫിഫ ലോക റാങ്കിങിൽ ഖത്തർ ഫുട്‌ബാൾ ടീം 53ാം സ്ഥാനം നിലനിർത്തി. ആഗസ്റ്റ് മാസത്തെ ഫിഫ റാങ്കിങിൽ അറബ്, ഏഷ്യ മേഖലയിൽ അഞ്ചാം സ്ഥാനവും ടീം നേടിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് പുതിയ റാങ്കിങ് പട്ടിക പുറത്തുവിട്ടത്. രണ്ട് തവണ ഏഷ്യൻ ചാമ്പ്യൻമാരായ ടീമിന് ആകെ 1,453.65 പോയിനറുകളാണ് നേടാനായത്. ഖത്തർ ദേശീയ ഫുട്‌ബാൾ ടീം പരിശീലകൻ സ്പാനിഷുകാരൻ ജൂലിയൻ ലോപെറ്റെഗുയിയുടെ കീഴിൽ ആഗസ്റ്റിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മൽസരങ്ങളിലാണ് പങ്കെടുത്തിട്ടുള്ളത്.
ബഹ്റൈനുമായുള്ള മൽസരത്തിൽ 2-2ന് സമനില വഴങ്ങിയപ്പോൾ റഷ്യക്കെതിരെ 1-4ന് പരാജയപ്പെടുകയായിരുന്നു. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ വരാനിരിക്കുന്ന എ.എഫ്.സി പ്ലേഓഫ് ഘട്ടത്തിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മൽസരങ്ങൾ നടന്നത്. മൽസരങ്ങളുടെ ഭാഗമായി ഒക്ടോബർ 8ന് ഒമാനെയും ഒക്ടോബർ 14ന് യു.എ.ഇയെയും ദോഹയിൽ അന്നാബികൾ നേരിടും. എ.എഫ്.സി യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിൽ 10 മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റുമായി ഖത്തർ ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണുള്ളത്. 23 പോയിന്റുമായി ഇറാനാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്. തൊട്ടുപിന്നാലെ ഉസ്ബെക്കിസ്ഥാൻ(21), യു.എ.ഇ(15), കിർഗിസ്ഥാൻ (8), ഉത്തര കൊറിയ (3) എന്നിവരുമുണ്ട്.
അതേസമയം ഫിഫ റാങ്കിങിൽ 2014ന് ശേഷം ആദ്യമായി സ്പെയിൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അർജന്റീന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ഫ്രാൻസ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്ലൊവാക്യയോട് 0-2 ന് പരാജയപ്പെട്ടതിനെത്തുടർന്ന് ജർമ്മനി ആദ്യ പത്തിൽ നിന്ന് 12ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.
ലോകകപ്പ് ഏഷ്യൻ യോഗ്യത മൽസരങ്ങളിൽ എ ഗ്രൂപ്പിൽ ഖത്തറും ഒമാനും സാധ്യതയിൽ ഒട്ടും പിന്നിലല്ല. ജിദ്ദയിൽ നടക്കുന്ന ഗ്രൂപ്പ് ബിയിൽ ഇൻഡോനേഷ്യ,ഇറാഖ്, സൗദി അറേബ്യയും മഝരിക്കും. ഏഴാം ലോക കപ്പ് പ്രതീക്ഷയുമായെത്തുന്ന സൗദിക്കാണ് കൂടുതൽ സാധ്യത. ഇൻഡോനേഷ്യയും മികച്ച ഫോമിലാണ്. ഗ്രൂപ്പ് ജേതാക്കളാണ് യോഗ്യത നേടുക. ഇരു ഗ്രൂപ്പിലേയും രണ്ടാം സ്ഥാനക്കാർ തമ്മിൽ രണ്ട് ലെഗ് വീതം മഝരിക്കും. വിജയികൾ പിന്നീട് ആഫ്രിക്ക–ലാറ്റിൻ അമേരിക്ക–ഓഷ്യാനിക്–കോൺകാഫ് മേഖലയിൽ നിന്നുള്ള നാലു ടീമുകളുമായി ഇൻ്റർ കോണ്ടിനെൻ്റൽ പ്ലേഓഫിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾക്കും യോഗ്യത ലഭിക്കും. ഏഷ്യയിൽ ഗ്ലിന്നുള്ള എട്ടു ടീമുകളിൽ ഇറാനും ഉസ്ബെക്കിസ്ഥാനും ജപ്പാനും ആസ്േട്രലിയയും ദക്ഷിണ കൊറിയയും ജോർദ്ദാനും മൂന്നാം റൗണ്ട് മഝരങ്ങളിൽ നിന്നും നേരത്തെ യോഗ്യത നേടിയിട്ടുണ്ട്. 2026ൽ കാനഡ–മെക്സിക്കോ–യു.എസ്.എ രാജ്യങ്ങളാണ് ലോകകപ്പിന് വേദിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.