റിയാദ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഖത്തർ എംബസി കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതിൽ സൗദി അറേബ്യയും ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) ശക്തമായ ആശങ്കയും ദുഃഖവും രേഖപ്പെടുത്തി. നയതന്ത്ര പരിരക്ഷ ഉറപ്പാക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. നയതന്ത്ര കാര്യാലയങ്ങൾക്കും അവയിലെ ഉദ്യോഗസ്ഥർക്കും പൂർണ സംരക്ഷണം നൽകണമെന്ന വിയന്ന കൺവെൻഷൻ ചട്ടങ്ങൾ പാലിക്കപ്പെടണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ഉന്നിപ്പറഞ്ഞു. റഷ്യ-യുക്രെയ്ൻ പ്രതിസന്ധി സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള എല്ലാ നയതന്ത്ര നീക്കങ്ങൾക്കും സൗദി അറേബ്യ പിന്തുണ ആവർത്തിച്ചു.
സംഭവത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി കൗൺസിലിന്റെഖേദം അറിയിച്ചു. സായുധ സംഘട്ടനങ്ങളുടെ പ്രത്യാഘാതങ്ങളിൽനിന്ന് നയതന്ത്ര മിഷനുകളെയും അന്താരാഷ്ട്ര സംഘടനകളെയും മാറ്റിനിർത്തണമെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കിയവിലെ ഷെല്ലാക്രമണത്തിൽ എംബസി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ നയതന്ത്രജ്ഞർക്കോ ജീവനക്കാർക്കോ പരിക്കുകൾ ഒന്നുമില്ലെന്ന് ഖത്തർ വ്യക്തമാക്കി. സിവിലിയൻ സ്ഥാപനങ്ങളെയും നയതന്ത്ര കേന്ദ്രങ്ങളെയും ലക്ഷ്യംവെക്കുന്നത് ഒഴിവാക്കണം, സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തണം എന്നീ കാര്യങ്ങൾ ഖത്തർ പുറത്തിറക്കിയ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.