ദുബൈ: പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗിക്കാൻ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. റിസൈക്ലിങ് കേന്ദ്രങ്ങളുടെ പ്രവർത്തനം സുതാര്യമാക്കാൻ ലക്ഷ്യമിട്ടും പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നയം. ഇനിമുതൽ യു.എ.ഇ വ്യവസായ മന്ത്രാലയം അംഗീകരിച്ച സ്ഥാപനങ്ങൾ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ മാത്രമേ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാൻ പാടുള്ളൂ. പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യുന്ന സ്ഥാപനങ്ങൾ സൂക്ഷ്മപരിശോധനക്ക് വിധേയമായിരിക്കും. അബൂദബി സുസ്ഥിര വാരാചരണത്തിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. യു.എ.ഇയിൽ പ്ലാസ്റ്റിക്കിന്റെ അളവ് കുറക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗമാണ് ഈ നീക്കവും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് സഞ്ചികൾക്ക് അടുത്ത വർഷം മുതൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുനരുപയോഗിക്കാവുന്ന ഉൽപന്നങ്ങളുടെ നിലവാരവും ഗുണമേന്മയും ഉറപ്പുവരുത്താനും പുതിയ നയം ലക്ഷ്യമിടുന്നു.
വ്യവസായ, ഉന്നത സാങ്കേതികവിദ്യ മന്ത്രാലയം അംഗീകരിച്ച റീസൈക്കിളിങ് സ്ഥാപനങ്ങളിൽ പുനരുപയോഗത്തിന് പര്യാപ്തമാക്കിയ റിസൈക്കിൾഡ് പോളിയെത്തിലീൻ ടെറഫെതലേറ്റ് (ആർപെറ്റ് ഉൽപന്നങ്ങൾ) മാത്രമേ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാൻ അനുമതിയുണ്ടാകൂ. യു.എ.ഇയുടെ ഫുഡ്കോൺടാക്ട് മെറ്റീരിയൽ നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റും സ്ഥാപനങ്ങൾ നേടിയിരിക്കണം. ഈ സ്ഥാപനങ്ങൾ യു.എ.ഇയുടെ അക്രഡിറ്റഡ് ലാബിൽനിന്ന് പുനരുപയോഗത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ സുരക്ഷ പരിശോധനയടക്കം പൂർത്തിയാക്കണം. കാർബൺ വികിരണം കുറക്കാനുള്ള യു.എ.ഇയുടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ.
2024 ജനുവരി ഒന്നുമുതലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് സഞ്ചികൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഇറക്കുമതി, ഉൽപാദനം, വിതരണം എന്നിവയെല്ലാം നിരോധിക്കും. 2026 ജനുവരി ഒന്നുമുതൽ കപ്പുകൾ, പ്ലേറ്റുകൾ, കട്ട്ലറികൾ, കണ്ടെയ്നറുകൾ, ബോക്സുകൾ തുടങ്ങിയ പ്ലാസ്റ്റിക് ഉൽപന്നങ്ങളും രാജ്യത്ത് നിരോധിക്കും. കഴിഞ്ഞ വർഷം വിവിധ എമിറേറ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സമ്പൂർണ നിരോധനം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.