ദുബൈ: കോവിഡിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരിൽനിന്ന് പ്ലാസ്മ തെറപ്പിക്ക് രക്തം സ്വീകരിക്കാൻ ദുബൈയിൽ മൂന്ന് ക്ലിനിക്കുകൾ ആരംഭിച്ചു. രോഗം ഗുരുതരമായവർക്കുള്ള കോവിഡ് -19 ചികിത്സയുടെ ഭാഗമായി ദുബൈ ഹെൽത്ത് അതോറിറ്റിയും രാജ്യത്തെ മറ്റു പൊതുജനാരോഗ്യ സ്ഥാപനങ്ങളും സുഖം പ്രാപിച്ച രോഗികളുടെ ബ്ലഡ് പ്ലാസ്മ ഉപയോഗിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് ക്ലിനിക്കുകൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
രണ്ടു നെഗറ്റിവ് ഫലങ്ങളുമായി കോവിഡിൽ നിന്ന് മുക്തിനേടിയ ഒരാൾക്ക് മൂന്ന് ഡോസുകൾ വരെ നൽകാൻ കഴിയും. ഇതുവഴി രണ്ടുമൂന്ന് ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.കോവിഡ് രോഗശമനം 85 മുതൽ 90 ശതമാനം വരെ വേഗത്തിലാക്കാൻ സുഖകരമായ പ്ലാസ്മ തെറപ്പിക്ക് കഴിയുമെന്ന് ഡി.എച്ച്.എയിലെ ദുബൈ ഹെൽത്ത്കെയർ കോർപറേഷൻ സി.ഇ.ഒ ഡോ. യൂനിസ് കാസിം പറഞ്ഞു. കോവിഡ് -19ൽനിന്ന് പൂർണമായും സുഖം പ്രാപിച്ച രോഗികളുടെ പ്ലാസ്മയിൽ ആൻറിബോഡികൾ അടങ്ങിയിട്ടുണ്ട്. ഇത് മറ്റൊരു കോവിഡ് രോഗിയിലേക്ക് കൈമാറ്റം ചെയ്യുന്നതിലൂടെ വൈറസിനെ പ്രതിരോധിക്കാൻ കഴിയും. എന്നാൽ, രോഗം ബാധിച്ചപ്പോൾ കടുത്ത ലക്ഷണങ്ങളാൽ ബുദ്ധിമുട്ടിയവരെ രക്തദാനത്തിൽ നിന്ന് ഒഴിവാക്കും –ഡോ. യൂനിസ് കാസിം പറഞ്ഞു.
ആൻറിബോഡികൾ വികസിപ്പിച്ച ഓരോ രോഗികളിൽനിന്നും 600 മില്ലി പ്ലാസ്മയാണ് ശേഖരിക്കുന്നതെന്ന് ദുബൈ രക്തദാന കേന്ദ്രം ഡയറക്ടർ ഡോ. െമഹ് റൗഫ് പറഞ്ഞു. ഇത് മൂന്ന് ചികിത്സാ ഡോസേജുകളായി തിരിച്ചിരിക്കുന്നു. ഓരോന്നും 200 മില്ലി ആണ്. ഇടത്തരം മുതൽ കഠിനമായ കേസുകളുള്ള കോവിഡ് രോഗികളെ വീണ്ടെടുക്കാൻ സഹായിക്കുന്നതിന് ഈ പ്ലാസ്മകൾ ഉപയോഗിക്കും- അദ്ദേഹം പറഞ്ഞു. ഡി.എച്ച്.എയുടെ ശാസ്ത്ര സമിതി അംഗീകരിച്ച രണ്ട് പ്രോട്ടോകോളുകൾ അടിസ്ഥാനമാക്കിയാണ് കൺവാലസൻറ് പ്ലാസ്മ തെറപ്പി നടത്തുന്നത്. ഓരോന്നും രോഗിയുടെ കേസ് അനുസരിച്ചാണ് ഉപയോഗിക്കുന്നത്. ഈ ക്ലിനിക്കുകൾ സ്ഥാപിച്ചതിനുശേഷം സുഖം പ്രാപിച്ച രോഗികളാൽ നടത്തുന്ന പ്ലാസ്മ രക്തദാതാക്കളുടെ എണ്ണം വർധിക്കുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര മെഡിക്കൽ ഫലങ്ങൾ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങൾ സുഖകരമായ പ്ലാസ്മ തെറപ്പി അവലംബിച്ചു തുടങ്ങിയത്. അംഗീകാരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ അബൂദബി സ്റ്റം സെൽ സെൻററുമായി സഹകരിച്ച് ഡി.എച്ച്.എ ചികിത്സാ പ്രോട്ടോകോളുകളിൽ സ്റ്റം സെൽ തെറപ്പി അവതരിപ്പിക്കുമെന്നും ഡോ. കാസിം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.