ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഊഷ്മള സ്വീകരണം. ദുബൈ എക്സ്പോയിലെ യു.എ.ഇ പവലിയനിലാണ് ശൈഖ് മുഹമ്മദും മക്കളായ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, എമിറേറ്റ്സ് എയർലൈൻ ചെയർമാനും ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡന്‍റുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം എന്നിവർ ചേർന്ന് സ്വീകരണമൊരുക്കിയത്.
കേരള വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസുൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബൂദബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസുഫലി എന്നിവർ ഒപ്പമുണ്ടായിരുന്നു.
യു.എ.ഇയിലെത്തിയ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി എക്സ്പോ സന്ദർശിക്കുന്നത്. ശൈഖ് ഹംദാനൊപ്പം യു.എ.ഇ പവലിയൻ ചുറ്റിക്കണ്ട മുഖ്യമന്ത്രി കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ ഉപഹാരം ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.