മറൈൻ സ്റ്റേഷൻ രണ്ടാം ഘട്ട നവീകരണം പൂർത്തിയായി

ദുബൈ: എമിറേറ്റിലെ മറൈൻ സ്റ്റേഷനുകളുടെ രണ്ടാം ഘട്ട നവീകരണം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ശൈഖ് സായിദ് റോഡ്, അൽ ഫാഹിദി, ബ്ലൂ വാട്ടേഴ്സ്, ബനിയാസ്, അൽ സീഫ് എന്നീ അഞ്ചു സ്റ്റേഷനുകളിലെ കാത്തിരിപ്പ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവൃത്തിയാണ് പൂർത്തിയായത്.

എമിറേറ്റിന്‍റെ സമുദ്ര പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ സ്വീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പുവരുത്തുന്ന രീതിയിലാണ് നവീകരണങ്ങൾ. സമുദ്ര ഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും സേവന ഗുണനിലവാരവും മെച്ചപ്പെടുത്താൻ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായുള്ള പദ്ധതി, ആഗോളതലത്തിൽ ഒരു മുൻനിര ഗതാഗത കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനത്തിന് സംഭാവനയേകുമെന്ന് ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു. ഓരോ സ്റ്റേഷനിലും ശീതീകരണ സംവിധാനങ്ങൾ, അധിക സീറ്റുകൾ, കാത്തിരിപ്പ് സ്ഥലങ്ങളുടെ നീളം കൂട്ടൽ, മുതിർന്ന പൗരൻമാരേയും സ്ത്രീകളേയും ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ എൻട്രൻസ്, എക്സിറ്റുകളുടെ രൂപകൽപന എന്നിവയാണ് രണ്ടാം ഘട്ട നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. സൗജന്യ വൈഫൈ, മറൈൻ ഗതാഗത സേവനങ്ങളുടെ സർവിസ് വിവരങ്ങൾ യഥാസമയം പ്രദർശിപ്പിക്കുന്ന സ്ക്രീനുകൾ തുടങ്ങി ഉപഭോക്താക്കളുടെ ജീവിത നിലവാരവും ഉപഭോക്തൃ സേവനങ്ങളും വർധിപ്പിക്കുന്ന നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷക്കായി കാത്തിരിപ്പ് കേന്ദ്രങ്ങളിൽ സി.സി ടി.വി കാമറകളും അടിയന്തര ഘട്ടങ്ങളിൽ മുന്നറിയിപ്പു നൽകുന്നതിനായി അലാറം സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് കൂടി ഉപയോഗപ്പെടുന്ന രീതിയിലാണ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു. മറീന പ്രോമനേഡ്, മറീന ടെറസ്, മറീന വാൾക്ക്, മറീന മാൾ മറൈൻ സ്റ്റേഷൻ നോർത്ത്, മറീന മാൾ മറൈൻ സ്റ്റേഷൻ സൗത്ത് എന്നിവിടങ്ങളിലായി നടന്ന ഒന്നാം ഘട്ട നവീകരണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഉപഭോക്താക്കളുടെ സംതൃപ്തി വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട നവീകരണം നടത്തിയതെന്ന് ആർടി.എ മറൈൻ ഗതാഗത വിഭാഗം ഡയറക്ടർ ഖലാഫ് ബെൽഗുസൂസ് അൽ സറൂനി പറഞ്ഞു.

Tags:    
News Summary - Phase two renovation of Marine Station completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.