ദുബൈ: ഉയർന്ന ശമ്പളത്തോടെ പാർട്ട് ജോലി വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ജനറൽ ഡിപാർട്ട്മെന്‍റ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ തട്ടിപ്പുവിരുദ്ധ കേന്ദ്രത്തിന്‍റേതാണ് മുന്നറിയിപ്പ്. ഇത്തരം സംശയകരമായ പരസ്യങ്ങൾ ഇരകളെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന കെണികളാണെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതിമാസ ബോധവത്കരണ ക്യാമ്പയ്നിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇരകളുടെ പേരിൽ ബാങ്ക് അകൗണ്ടുകൾ തുറക്കുക, അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ഫണ്ട് കൈമാറുക, മറ്റ് തട്ടിപ്പ് പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയവയും ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും.
സംശയകരമായ ഓൺലൈൻ ലിങ്കുകളിൽ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തൊഴിലുടമയുടെ ആധികാരികത ഉറപ്പുവരുത്തുകയും ജാഗ്രത പുലർത്തുകയും വേണമെന്ന് തട്ടിപ്പ്വിരുദ്ധ കേന്ദ്രം അഭ്യർഥിച്ചു. സ്ഥിരീകരിക്കാത്ത വ്യക്തികളുമായി ബാങ്ക് എകൗണ്ട് വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ കൈമാറുന്നതും പണം കൈമാറുന്നതും ഒഴിവാക്കണം. സംശയകരമായ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ 901 എന്ന ടോൾ ഫ്രീ നമ്പർ വഴിയോ റിപോർട്ട് ചെയ്യാം. പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാർഗമെന്ന് ദുബൈ പൊലീസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.