പാകിസ്താന്‍റെ വ്യോമപാത വിലക്ക്; സർവിസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ

ദുബൈ: പാകിസ്താൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് വ്യോമപാത വിലക്കിയ നടപടി വിമാന സർവിസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ. ഗൾഫിലേക്ക് ഉൾപ്പെടെയുള്ള സർവിസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ഇന്ത്യൻ വിമാന കമ്പനികൾക്ക് പാകിസ്താൻ വ്യോമപാത നിഷേധിച്ചത്. ഈ തീരുമാനം വിമാന സർവിസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. മിഡിലീസ്റ്റ്, യു.കെ, യൂറോപ്പ്, നോർത്ത് അമേരിക്ക സർവിസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്.

ഇതുമൂലം യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് എയർ ഇന്ത്യ ഖേദം അറിയിച്ചു. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽനിന്ന് ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് നേരിട്ട് നടത്തുന്ന വിമാന സർവിസുകൾക്ക് പാകിസ്താനി വ്യോമപാതയെയാണ് ആശ്രയിക്കുന്നത്. ബദൽ മാർഗം സ്വീകരിക്കുമ്പോൾ രണ്ട് മണിക്കൂറെങ്കിലും അധികം യാത്രാസമയം നീളുമെന്നാണ് റിപ്പോർട്ടുകൾ. എയർ ഇന്ത്യക്ക് പുറമേ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി യു.എ.ഇയിലേക്ക് സർവിസ് നടത്തുന്ന മറ്റ് ഇന്ത്യൻ വിമാന കമ്പനികളുടെ സർവിസുകളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലേക്കും തിരിച്ചും പറക്കുന്ന യു.എ.ഇ വിമാന കമ്പനികളെ ഇത് ബാധിക്കില്ലെങ്കിലും സാഹചര്യം പഠിച്ചുവരികയാണെന്നാണ് വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags:    
News Summary - Pakistan's airspace ban; Air India says services will be affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.