ദുബൈയിൽ ഡെലിവറി ബൈക്കുകളുടെ രജിസ്​ട്രേഷൻ കാലാവധി നീട്ടാൻ അവസരം

ദുബൈ: പ്രവർത്തന കാലാവധി കഴിഞ്ഞ ഡെലിവറി ബൈക്കുകൾക്ക്​ ഒരു വർഷം കൂടി രജിസ്​ട്രേഷൻ പുതുക്കാൻ അവസരമൊരുങ്ങുന്നു. ഇതിനായി പുതിയ പരിശോധന മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). മികച്ച അന്താരാഷ്ട്ര രീതികൾക്ക്​ അനുസൃതമായി വികസിപ്പിച്ചതാണ്​​​ സമഗ്രമായ സാ​ങ്കേതിക പരിശോധനകൾ.

പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്​ട്രേഷൻ പുതുക്കേണ്ടവർക്ക്​ ആർ.ടി.എ വെബ്​സൈറ്റ്​ വഴിയും പരിശോധന കേന്ദ്രങ്ങൾ വഴിയും സാ​ങ്കേതിക പരിശോധനകൾക്ക്​ അപേക്ഷ സമർപ്പിക്കാം. വെബ്​സൈറ്റിൽ ഓപറേഷനൽ ലൈഫ്​ എക്സ്റ്റൻഷൻ സേവനത്തിന്​ കീഴിൽ ഈ സേവനം ലഭ്യമാകുമെന്ന്​ ആർ.ടി.എ അറിയിച്ചു. ഡെലിവറി ബൈക്കുകൾക്ക്​ നിലവിലെ പ്രവർത്തന കാലാവധി നാലു വർഷമാണ്​.

എന്നാൽ, സാ​​ങ്കേതികമായി പ്രവർത്തന ക്ഷമമാണെന്ന്​ ബോധ്യപ്പെട്ടാൽ ഒരു വർഷം കൂടി കാലാവധി നീട്ടിനൽകുകയാണ്​ ലക്ഷ്യം. അഞ്ചാം വർഷത്തേക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പ് ബൈക്കുകൾ സുരക്ഷിതവും ഡെലിവറി പ്രവർത്തനങ്ങൾക്ക് അനുയോജ്യവുമാണെന്ന് ഉറപ്പാക്കുന്ന വ്യക്തമായ ഒരു സംവിധാനമാണ്​ നടപ്പിലാക്കുന്നത്​.

ബൈക്കുകൾ ഉപയോഗിക്കുന്ന ഡെലിവറി കമ്പനികൾക്ക്​ ലളിതവും വേഗത്തിലുള്ളതുമായ നടപടികളിലൂടെ ഈ സേവനം ലഭ്യമാകും. ഇതിനായി ആദ്യം ആർ.ടി.എ വെബ്​സൈറ്റിൽ കോർപറേറ്ററ്റ്​ അകൗണ്ട്​ ഉപയോഗിച്ച്​ ലോഗിൻ ചെയ്ത്​ പുതിയ സേവനം തെരഞ്ഞെടുക്കണം. ശേഷം പരമാവധി ഉപയോഗ കാലാവധി കഴിഞ്ഞ ബൈക്കുകൾ കണ്ടെത്തി നിയുക്​ത കേന്ദ്രങ്ങളിൽ ആവശ്യമായ സാ​ങ്കേതിക പരിശോധന പൂർത്തിയാക്കാം.

ഇതിന്​ ആവശ്യമായി വരുന്ന ഫീസുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട്​ പുറത്തുവിടും. ദുബൈയിൽ ഡെലിവറി മേഖലയിൽ അതിവേഗ വളർച്ചതയാണ്​ രേഖപ്പെടുത്തിയതെന്ന്​ ആർ.ടി.എയുടെ കൊമേഴ്​സ്യൽ ട്രാൻസ്​പോർട്ട്​ ആക്ടിവിറ്റീസ്​ ഡയറക്ടർ ഖാലിദ്​ മുഹമ്മദ്​ സാലിഹ്​ പറഞ്ഞു. സാ​ങ്കേതിക പരിശോധന സംരംഭം ഈ വളർച്ചയെ പിന്തുണക്കുകയും ഉപഭോക്​താക്കളുടെ അനുഭവവും സേവന നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യും.

അതോടൊപ്പം റൈഡർമാരുടെയും റോഡ്​ ഉപഭോക്​താക്കളുടെയും സുരക്ഷ മെച്ചപ്പെടുത്താനും ഡെലിവറി കമ്പനികളുടെ പ്രവർത്തന ചെലവ്​ കുറക്കാനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഡെലിവറി ബൈക്സ്​ ഓപറേഷനൽ ലൈഫ്​ എക്​സ്റ്റൻഷൻ സംരംഭം ഇത്തരം പ്രവർത്തനങ്ങളെ ശക്​തിപ്പെടുത്തും സുസ്ഥിരമായ വളർ​ച്ചയെ പിന്തുണക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Opportunity to extend registration period for delivery bikes in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.