അൽഐൻ: വ്യാജ സൈറ്റുകൾ നിർമിച്ച് പണം തട്ടുന്ന സംഘത്തിന്റെ കെണിയിൽപെട്ട് മലയാളി യുവാവിന് നഷ്ടമായത് ആയിരം ദിർഹം. ഹാഫിലാത്ത് കാർഡ് റീചാർജ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വ്യാജ വെബ്സൈറ്റിലൂടെ പണം നഷ്ടമായത്. കെട്ടിലും മട്ടിലും ഹാഫിലാത്ത് സൈറ്റിന്റെ അതേ രൂപത്തിലായിരുന്നു വ്യാജൻ എന്നതിനാൽ തിരിച്ചറിയാനായില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. സൈറ്റിൽ ബാങ്ക് കാർഡ് വിവരങ്ങൾ നൽകിയ ഉടനെ മൊബൈലിൽ ഒ.ടി.പി വന്നു. ആദ്യം 3300 ദിർഹം പിൻവലിക്കാൻ ശ്രമിക്കുകയും അക്കൗണ്ടിൽ മതിയായ തുകയില്ലാത്തതിനാൽ ആ ശ്രമം വിഫലമാവുകയും പിന്നീട് നിമിഷങ്ങൾക്കകം ആപ്പിൾ പേ മുഖേന 500 ദിർഹം വീതം രണ്ടു തവണയായി 1000 ദിർഹം നഷ്ടമാവുകയുമായിരുന്നു. മൂന്ന് മിനിറ്റിനുള്ളിലാണ് 10 ദിർഹമിനുപകരം 1000 ദിർഹം നഷ്ടമായത്.
ബാങ്ക് ഒ.ടി.പി അയച്ചപ്പോൾത്തന്നെ ഒ.ടി.പി ആർക്കും കൈമാറരുതെന്നും ആപ്പിൾ പേയുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. സന്ദേശം മുഴുവനായി വായിക്കാത്തതാണ് പലർക്കും വിനയാകുന്നത്. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾ മുന്നറിയിപ്പ് നൽകിയതിനാൽ കൂടുതലൊന്നും ചെയ്യാനില്ലെന്നും പൊലീസിന് പരാതി നൽകാൻ അറിയിക്കുകയുമായിരുന്നു. തുടർന്ന് പരാതി രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ല.
വെബ്സൈറ്റ് അഡ്രസിൽ ഒന്നോ രണ്ടോ അക്ഷരങ്ങൾ മാറ്റിയാണ് തട്ടിപ്പ് സംഘങ്ങൾ കെണിയൊരുക്കുന്നത്. ബാങ്കിനും പൊലീസിലും പരാതി നൽകിയെങ്കിലും അവരുടെ ഭാഗത്തു നിന്നും ഇത്തരം തട്ടിപ്പുകളിൽ ഇടപെടുന്നതിന് പരിമിതികൾ ഏറെയാണ്. തട്ടിപ്പ് സംഘങ്ങൾ അതിവിദഗ്ധരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുമായിരിക്കും. ഓൺലൈൻ വഴി പണമിടപാട് നടത്തുമ്പോൾ ബാങ്കുകൾ നൽകുന്ന മുന്നറിയിപ്പുകൾ ശരിയായി മനസ്സിലാക്കുകയും അക്കൗണ്ടുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറാതിരിക്കുകയും ചെയ്യുക എന്നതേ മാർഗമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.